കേരളത്തില്‍ 80 മണ്ഡലങ്ങളില്‍ കടുത്ത മത്സരം ; എറണാകുളം ജില്ലയില്‍ എന്‍ഡിഎ ആറു സീറ്റ് നേടും: സാബു ജേക്കബ്
കൊച്ചി: എറണാകുളം ജില്ലയില്‍ എന്‍ഡിഎയ്ക്ക് ആറു സീറ്റില്‍ വിജയപ്രതീക്ഷയുണ്ടെന്ന് ട്വന്റി20 ചെയര്‍മാന്‍ സാബു എം ജേക്കബ്. സംസ്ഥാനത്ത് 80 സീറ്റുകളില്‍ എന്‍ഡിഎ ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. കേരളത്തില്‍ എന്‍ഡിഎ തൊട്ടുകൂടാത്തവരല്ലെന്നും സാബു ജേക്കബ് പറഞ്ഞു. ക്രിസ്ത്യാനികളെ മൈക്രോ മൈനോറിറ്റി ആയി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സ്- പോള്‍ ടോക്സില്‍ സംസാരിക്കുകയായിരുന്നു സാബു ജേക്കബ്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടി എട്ട് സീറ്റുകളിലാണ് മത്സരിച്ചത്. ആ സമയത്ത് കുന്നത്തുനാട്ടില്‍ മാത്രമാണ് പാര്‍ട്ടിക്ക് സംഘടനാ രൂപം ഉണ്ടായിരുന്നത്. എങ്കിലും പാര്‍ട്ടിക്ക് കരുത്ത് തെളിയിക്കാനായി. എന്‍ഡിഎയില്‍ ചേര്‍ന്നശേഷം പാര്‍ട്ടി ഒരു സീറ്റും ആവശ്യപ്പെട്ടില്ല. സീറ്റ് വിഭജനം വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നായിരുന്നു ട്വന്റി 20 യുടെ നിലപാട്. ബിജെപി വിജയിച്ച നഗരസഭയായ തൃപ്പൂണിത്തുറ മണ്ഡലം ട്വന്റി20 യ്ക്ക് നല്‍കിയത് വിജയസാധ്യത പരിഗണിച്ചാണെന്നും സാബു എം ജേക്കബ് പറഞ്ഞു.
റാന്നിയിലേയും കോന്നിയിലേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ എല്‍ഡിഎഫുമായുള്ള ഡീലിന്റെ ഭാഗമാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം സാബു തള്ളി. അതിന്റെ എന്തെങ്കിലും തെളിവുണ്ടോ?. ഒരു ഫോണ്‍ സംഭാഷണമെങ്കിലും കയ്യിലുണ്ടോയെന്നും സാബു എം ജേക്കബ് ചോദിച്ചു. ട്വന്റി20 പാര്‍ട്ടി രൂപീകരിച്ചിട്ട് 14 വര്‍ഷമായി. തുടക്കത്തില്‍ ഒരു മാതൃകാ ഗ്രാമം നിര്‍മ്മിക്കുക എന്നതുമാത്രമായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. പിന്നീട് സാഹചര്യം മാറുകയും എല്‍ഡിഎഫും യുഡിഎഫും ട്വന്റി 20 യെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നിര്‍ബന്ധിതരാക്കുകയുമായിരുന്നു.
കിഴക്കമ്പലം മോഡല്‍ സംസ്ഥാനത്താകെ വ്യാപിപ്പിക്കുക എന്നതാണ് ട്വന്റി 20 യുടെ പ്രധാന ലക്ഷ്യമെന്നും സാബു എം ജേക്കബ് പറഞ്ഞു. ട്വന്റി 20 പാര്‍ട്ടിക്ക് 15.2 ലക്ഷം മെമ്പര്‍മാരുണ്ട്. അതില്‍ 50 ശതമാനം ക്രിസ്ത്യന്‍സാണ്. 45 ശതമാനം ഹിന്ദുക്കളും 5 ശതമാനം മുസ്ലിങ്ങളും ഉള്‍പ്പെടുന്നു. മധ്യകേരളത്തില്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ട്. ഞങ്ങളുടെ ഇടപെടല്‍ അങ്കമാലി-കുണ്ടന്നൂര്‍ ഹൈവേ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ സഹായിച്ചു. 114 വര്‍ഷം പഴക്കമുള്ള പള്ളി തര്‍ക്കത്തിലും പ്രധാനമന്ത്രി ഇടപെട്ടു, ക്രിസ്ത്യാനികളെ സൂക്ഷ്മ ന്യൂനപക്ഷ സമൂഹമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും സാബു എം ജേക്കബ് പറഞ്ഞു.
വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ ബില്‍ ( എഫ് സിആര്‍എ) നിയമം പാലിക്കുന്നവരെ ബാധിക്കില്ല. ഈ നിയന്ത്രണങ്ങള്‍ രാജ്യത്തെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ചിലര്‍ ഇത്തരം വ്യവസ്ഥകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചതിനാല്‍, സഭ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു. എല്ലാ സമുദായങ്ങളുമായും സാമുദായിക ഐക്യം വളര്‍ത്തുന്നതിനാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള നേതൃത്വം നമുക്ക് ആവശ്യമാണ്. എന്‍ഡിഎ അധികാരത്തില്‍ വന്നാല്‍ യുവാക്കള്‍ക്ക് ജോലിക്കായി കേരളം വിട്ടുപോകേണ്ടിവരില്ല.





Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































