2018 പ്രളയത്തിന് കാരണം സ്പില്‍വേ തുറക്കാന്‍ വൈകിപ്പിച്ചത്; കൃഷ്ണന്‍കുട്ടിക്കെതിരെ ശബദരേഖയുമായി കുഴല്നാടന്
മൂവാറ്റുപുഴ: 2018 ലെ പ്രളയത്തിന് കാരണം സര്‍ക്കാരിലെ അഴിമതിയും ക്രമക്കേടുമായിരുന്നു എന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ സിറ്റിങ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ മാത്യു കുഴല്നാടന്. നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയും ഒന്നാം പിണറായിസര്‍ക്കാരിലെ ജലചേന വകുപ്പ് മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടിയുടെ ശബദരേഖ വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെച്ചാണ് കുഴല്‍നാടന്റെ ആരോപണം.
തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ വൈകിപ്പിച്ചതിനെ കുറിച്ചും പെരിങ്ങല്‍ക്കുത്തിലെക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമകേടുകളും അഴിമതിയും നടന്നതിനെ കുറിച്ച് കൃഷ്ണന്‍കുട്ടി ഒരു പാര്‍ട്ടി നേതാവിനോട് പറയുന്നതാണ് ശബ്ദരേഖയുടെ ഉള്ളടക്കമെന്ന് കുഴല്നാടന് അവകാശപ്പെടുന്നു.
മാത്യൂ കുഴല്നാടന് പുറത്തുവിട്ട ശബ്ദരേഖയില്‍ നിന്ന്:
തോട്ടപ്പിള്ളി സ്പില്‍വേ എന്താണ് തുറക്കാതിരിക്കുന്നത്. ഒരുമാസം മുന്‍പേ തുറക്കേണ്ടതാണ്. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. തുറകേണ്ടെന്ന് പറഞ്ഞു. എന്താ കാരണം എന്നറിയുമോ? അത് തുറന്നാല്‍ അതിന് താഴെയുള്ള മണല്‍ത്തിട്ടയുണ്ട്. ആ മണല്‍ത്തിട്ട വെള്ളംകൊണ്ടുപോകും. ആ മണല്‍ത്തിട്ടയുടെ കരാര്‍ എടുത്തിരിക്കുന്നത് മേരി മാതാവ് എന്നു പറയുന്ന കോണ്‍ട്രാക്ടറാണ്. അയാള്‍ക്ക് കൊടുത്തിരിക്കുന്നത് ക്യുബിക്ക് മീറ്ററിന് വെറും 62 രൂപയ്ക്കാണ്. അത് അയാള്‍ മറിച്ചുവിറ്റാല്‍ 2000 രൂപ കിട്ടും, ഒന്നും ചെയ്യാതെ എല്ലാ ചിലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അത് തുറക്കാതിരുന്നത്. ജോഷി എന്ന് പറഞ്ഞ ചീഫ് എന്‍ജിനിയറും ജോര്‍ജ് തോമസിന്റെ പെങ്ങളും മാത്യു ടിയും കൂടി ആലോചിച്ചിട്ടാണ് ഇത് ചെയ്തത്.
മണിയാര്‍ എന്നോരു പ്രോജക്ടുണ്ട് പമ്പയ്ക്കു മുകളില്‍. അത ഇറിഗേഷന്റെ പ്രോജക്ടാണ്. അതിന് മുകളില്‍ ഇലക്ട്രിസിറ്റിയുടെ രണ്ട് പ്രോജക്റ്റുണ്ട്. ആ പ്രോജക്ടില്‍ വൈദ്യുതി എടുക്കുന്നത് പ്രൈവറ്റ് കമ്പനിയാണ്. ഈ മണിയാര്‍ വെള്ളം നിറയക്കുന്നില്ല എപ്പോഴും. മുകളില്‍നിന്ന് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ ഒഴുകിവരുന്നത് ഇവിടെയും എടുക്കുകയാണ്. ഇപ്രാവശ്യം കരാറുകാരന് വേണ്ടി ഇവിടെ വെള്ളം നിറച്ചു. നിറയ്ക്കാന്‍ പാടില്ലാത്തതാണ്. അവിടെ ഷട്ടര്‍ ഇട്ട് നിറച്ചു. നിറയ്ക്കാന്‍ പാടില്ലാതത്താണ്. അവിടെ ഷട്ടര്‍ ഇട്ട് നിറച്ചു. അപ്പോള്‍ ഗതികേടിന് അവിടെ മരംവന്നു കുറുകേ വീണു.
ജോഷി, കണ്ണ് ചിമ്മി എല്ലാവര്ക്കും വെള്ളം നിറയ്ക്കാനുള്ള അവസരം കൊടുത്തു. എട്ടുകോടി രൂപയാണ് പ്രൈവറ്റ് കമ്പനിക്ക് ലാഭം കിട്ടിയത്. എന്നിട്ട് വെള്ളം അധികമായി വന്നപ്പോള്‍ തുറന്നതാണ് ചെങ്ങന്നൂരുമെല്ലാം നശിക്കാന്‍ കാരണമായത്. കാര്‍ബൊറാണ്ടത്തില്‍നിന്ന് കാശ് ആര്‍ക്ക് കിട്ടി?
പറമ്പികുളം, തൂണികടവ്, ഷോളയാര്‍ ഇവിടെയൊക്കെ നമ്മളാണ് ഇപ്പോഴത്തെ ചെയര്മാന്. ഒരുവര്‍ഷം കേരളവും അടുത്ത വര്‍ഷം തമിഴ്നാടും എന്ന നിലയ്ക്കാണ്. വെള്ളം എപ്പോള്‍ തുറക്കണം വേണ്ട എന്നതൊക്കെ തീരുമാനിക്കുന്നത് ജോഷിയാണ്. ആ വെള്ളം തമിഴ് നാട്ടിലേക്ക് കൊണ്ടുപോകാതെ കേരളത്തിലേക്ക് മുഴുവന്‍ തുറന്നു വിടാന്‍ ഇവന് കൂട്ടുനിന്നു. 1400 ക്യൂസെക്ക് വെള്ളം തമിഴ് നാട്ടിലേക്ക് കൊണ്ടുപോകാതെ കേരളത്തിലേക്ക് കൊണ്ടുപൊകാന് കപ്പാസിറ്റിയുണ്ട്. 800 ആണ് കൊണ്ടുപോയത്. 35 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കേണ്ടിടത്ത് 20 മെഗാവാട്ടേ ഉത്പാദിപ്പിച്ചുള്ളു.
200 കോടിയുടെ പ്രവൃത്തി നടക്കുന്നുണ്ട് തമിഴ്നാട്ടില്‍. ഈ വെള്ളം പോയാല്‍ ആ പ്രവൃത്തിയെ ബാധിക്കും. ആ കരാറുകാരന് വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു. അപ്പോള്‍ എന്ത് ചെയ്തു, ആ വെള്ളത്തെ പെരിങ്ങല്‍ക്കുത്തിലേക്ക് തുറന്നുവിട്ടു. അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവന്‍ പോയത്. പുണ്യവാളന് വലിയ ആദര്‍ശവാനാണെന്ന് പറയുന്നുണ്ടല്ലോ. എത്ര കോടി രൂപയായിട്ടുണ്ടാകും.





Malayalam 









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































