ശ്രീരാമനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രന്‍ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തൃശൂര്‍: ശ്രീരാമനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട പി ബാലചന്ദ്രന്‍ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ജനുവരി 31ന് നടക്കുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തി ഇതിന് വിശദീകരണം നല്‍കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. യോഗത്തില്‍ ഈ വിഷയം മാത്രമാണ് അജണ്ട.
പാര്‍ട്ടി ജില്ലാ സെക്രട്ടറി എംഎല്‍എയോട് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. വിശദീകരണം എഴുതി നല്‍കേണ്ടെന്നും നേരിട്ടെത്തി നല്‍കാനുമാണ് കത്തിലെ നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അനുകൂല സാഹചര്യത്തെ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് പ്രതികൂലമാക്കിയെന്ന കടുത്ത വിമര്‍ശനമാണ് സിപിഐഎം, സിപിഐ നേതാക്കള്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
രാമായണത്തിലെ ഒരു സന്ദര്‍ഭം എടുത്തു പറഞ്ഞാണ് ബാലചന്ദ്രന്‍ എംഎല്‍എ രാമന്‍, സീത, ലക്ഷ്മണന്‍ എന്നിവരെ പരാമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ കുറിപ്പ് വിവാദമായതോടെ എംഎല്‍എ അത് പിന്‍വലിക്കുകയും വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അറിയിക്കുകയും ചെയ്തു.
കഥകള്‍ എഴുതാറുണ്ടെന്നും പണ്ടെങ്ങോ എഴുതിയ കഥ ഫേസ്ബുക്കിലിട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്‌തെന്നുമായിരുന്നു എംഎല്‍എയുടെ വിശദീകരണം. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്നു എന്നാരോപിച്ച് പോസ്റ്റിനെതിരെ ബിജെപി, പോലീസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചിരുന്നു. കൂടാതെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ എഫ്ബി പോസ്റ്റ് മണ്ഡലത്തില്‍ ചര്‍ച്ചയാക്കാനും ഒരുങ്ങുകയാണ് ബിജെപി.





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































