‘മൈക്കിനോടുപോലും കയര്‍ക്കുന്നു, വിദേശയാത്ര ഒഴിവാക്കാമായിരുന്നു’; സി.പി.എം. സംസ്ഥാന സമിതിയില്‍ ഉയരുന്നത് കടുത്ത വിമര്‍ശനം
തിരുവനന്തപുരം: തെരഞ്ഞെടുപ്പുപരാജയം വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തില്‍ ഉയരുന്നത് കടുത്ത വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, കര്‍ശനനിലപാട് സ്വീകരിക്കുന്നതില്‍ പാര്‍ട്ടിയുടെ തണുപ്പന്‍രീതി എന്നിങ്ങനെ വിമര്‍ശനങ്ങള്‍ പലവിധത്തിലാണ്.
Also Read ; പ്ലസ് വണ്‍ പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്റ് കഴിഞ്ഞിട്ടും മലബാറില്‍ മുക്കാല്‍ ലക്ഷം പേര് പുറത്ത്
മുഖ്യമന്ത്രിയുടെ സമീപനത്തില്‍ മാറ്റംവരുത്തേണ്ടതുണ്ടെന്ന് മുന്‍പ് ചില പാര്‍ട്ടിഘടകങ്ങളില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിനെ അവഗണിച്ചുപോകാനാണ് പാര്‍ട്ടിയടക്കം ശ്രമിച്ചത്. ഇതേ സമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ തിരിച്ചടി ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരേയടക്കമുള്ളത് വ്യക്തിപരമായ വിമര്‍ശനങ്ങളല്ലെന്ന് പ്രതിനിധികള്‍ പറയുന്നു. തിരഞ്ഞെടുപ്പുഫലം സംബന്ധിച്ചുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ച നടക്കുന്നത്.
സര്‍ക്കാരിന്റെ മുന്‍ഗണന മാറണം. പരിമിതമായ സാമ്പത്തികസ്ഥിതിക്കുള്ളില്‍നിന്ന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്ന മുന്‍ഗണന സര്‍ക്കാരിന് ഉണ്ടാകുകയാണ് വേണ്ടത്. അതില്ലാതെ ജനങ്ങള്‍ക്ക് സര്‍ക്കാരിനോടും ഇടതുപക്ഷത്തിനോടും അഭിമുഖ്യം ഉണ്ടാകില്ല. സാമ്പത്തികപ്രതിസന്ധി ആവര്ത്തിച്ചുകൊണ്ടേയിരുന്നതുകൊണ്ട് ജനങ്ങളുടെ മനസ്സ് മാറില്ല.
ക്ഷേമപെന്ഷന് കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ നവകേരളസദസ്സ് നടത്തിയത് ജനങ്ങള്‍ ഉള്‍ക്കൊള്ളാതെ പോയത് അതുകൊണ്ടാണ്. സംസ്ഥാനസര്‍ക്കാരില്‍നിന്ന് ഒന്നും ലഭിക്കുന്നില്ലെന്ന തോന്നല്‍ ജനങ്ങളില്‍ നില്ക്കുമ്പോള്, കേന്ദ്രത്തിന്റെ സാമ്പത്തിക അടിയന്തരാവസ്ഥ പറഞ്ഞിട്ട് കാര്യമില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഈഴവ വോട്ടുകളില്‍ വിള്ളലുണ്ടാകുന്നത് ഗൗരവത്തോടെയാണ് കാണേണ്ടത്.
എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കുടുംബാംഗങ്ങള്‍ ഇടതുവിരുദ്ധപക്ഷത്താണ് ഉണ്ടായിരുന്നത്. അത് ഈഴവസമുദായത്തെ സ്വാധീനിക്കുമെന്നതാണ് ആലപ്പുഴയിലെ തിരഞ്ഞെടുപ്പുഫലം കാണിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. യോഗം വ്യാഴാഴ്ച സമാപിക്കും. വെള്ളിയാഴ്ച സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നായിരിക്കും തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍ നിശ്ചയിക്കുക.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































