ഡിഎന്‍എ പരിശോധന നടത്താന്‍ മൊബൈല്‍ ഊണിറ്റ്; മുണ്ടത്തിക്കോട് ദുരന്തഭൂമിയില്‍ ഇന്നും തിരച്ചില്‍
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തഭൂമിയില്‍ നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന എളുപ്പമാക്കാന്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മൊബൈല്‍ ഡിഎന്‍എ ടെസ്റ്റിങ് യൂണിറ്റ് സജ്ജമാക്കി. പരിശോധനയില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ കിട്ടുന്ന സാഹചര്യത്തിലാണ് നടപടി. പരിസര പ്രദേശത്ത് നിന്ന് ഇന്നലെ നടന്ന പരിശോധനയില്‍ പത്ത് ശരീരഭാഗങ്ങള്‍ കൂടി കിട്ടിയിരുന്നു. നാളെ മുതല്‍ ഡിഎന്‍എ പരിശോധനഫലങ്ങള്‍ വന്നു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ യൂണിറ്റ് ആണ് എത്തിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാണ് ഡിഎന്‍എ പരിശോധന ഫലം വരാനെടുക്കുന്നത്. എന്നാല്‍ മൊബൈല്‍ യൂണിറ്റിന്റെ സഹായത്തോടെ മൂന്ന് ദിവസം കൊണ്ട് പരിശോധന ഫലം അറിയാന്‍ സാധിക്കും.
ഇന്നലെ വരെ കിട്ടിയ 103 ശരീരഭാഗങ്ങളില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകള്‍ ഇന്നലെ രാത്രിയോടെ തന്നെ ഐസൊലേഷന്‍ ചെയ്തു. തിരുവനന്തപുരം ലാബിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. അന്തിമ പരിശോധന ഫലം തിരുവനന്തപുരത്തെ ലാബില്‍ നിന്നാണ് ലഭിക്കുക. അതേസമയം, മുണ്ടത്തിക്കോട് ദുരന്തഭൂമിയില്‍ ഇന്നും കഡാവര്‍ നായകളെ ഉപയോഗിച്ച് പരിശോധന തുടരും. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പത്ത് പേരാണ് ചികിത്സയിലുള്ളത് അതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































