അരീക്കോട് ക്യാമ്പിലെ പോലീസുകാരന്റെ ആത്മഹത്യ ; കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് സൂചന, വിനീതിന്റെ കുറിപ്പ് പുറത്ത്
മലപ്പുറം: അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിനീത് സുഹൃത്തിന് അയച്ച കുറിപ്പ് പുറത്ത്. വിനീത് കടുത്ത മാനസിക സംഘര്‍ഷത്തിന് ഇരയായിരുന്നതായും സൂചനയുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് വിനീത് നല്‍കിയിരുന്നു.
ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും, ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്. വിനീത് ശാരീരിക ക്ഷമതാ പരിശോധനയുടെ ഭാഗമായ ഓട്ടമത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍, മേലുദ്യോഗസ്ഥര്‍ കടുത്ത ശിക്ഷ നല്‍കിയിരുന്നു. ഇതും, ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി നല്‍കാത്തതുമാണ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ബന്ധുവിന് അയച്ച കത്തില്‍ ഓട്ടത്തിന്റെ സമയം വര്‍ധിപ്പിക്കണമെന്നും ചിലര്‍ ചതിച്ചുവെന്നും, പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണമെന്നും വിനീത് പറയുന്നുണ്ട്.
അതേസമയം വിനീതിന്റെ മരണത്തില്‍ ടി സിദ്ദിഖ് എംഎല്‍എയും പ്രതികരണവുമായി രംഗത്തെത്തി. കൊടും പീഡനത്തിന്റെ ഇരയാണ് വിനീത് എന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായാണ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. റിഫ്രഷ്‌മെന്റ് കോഴ്‌സുകളില്‍ പരാജയപ്പെടുന്ന പോലീസുകാര്‍ നേരിടുന്നത് കൊടും പീഡനമെന്നും വലിയ സമ്മര്‍ദ്ദത്തിലാണ് കേരളത്തിലെ പോലീസ് സേന പ്രവര്‍ത്തിക്കുന്നത് എന്നും എംഎല്‍എ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
(ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































