#kerala #Top Four

‘നൈറ്റ് ലൈഫ് നമ്മുടെ രാജ്യത്തിന് യോജിച്ചതല്ല, അതിന് തടയിടണം’: മേയര്‍ ബീന ഫിലിപ്പ്

കോഴിക്കോട്: നൈറ്റ് ലൈഫിന് തടയിടണമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. നൈറ്റ് ലൈഫ് നമ്മുടെ രാജ്യത്തിന് അത്ര യോജിച്ചതല്ലെന്നാണ് ഇതിലൂടെ മനസിലാക്കുന്നത്. കുട്ടികളൊക്കെ നുണ പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങുന്നതെന്നും ബീന ഫിലിപ്പ് വ്യക്തമാക്കി. കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസില്‍ നാട്ടുകാരും കച്ചവടക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ സാഹചര്യത്തിലായിരുന്നു മേയറുടെ പ്രതികരണം.

Also Read; തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

രാത്രികാല കച്ചവടങ്ങളുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കോര്‍പറേഷന്‍ അല്ല ഇവര്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഉദ്യം രജിസ്‌ട്രേഷന്‍ വഴിയാണ് ഇവര്‍ കച്ചവടം തുടങ്ങുന്നത്. ഇതിന്റെ മറവില്‍ ചെറുപ്പക്കാര്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നാട്ടുകാരും പോലീസും ലഹരി ഉപയോഗത്തിനെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

ഇരുവശങ്ങളിലുമായി ഫുഡ് കോര്‍ട്ടുകള്‍ നിറഞ്ഞതോടെയാണ് രാത്രിയില്‍ വലിയ തിരക്കാണ് മിനി ബൈപ്പാസില്‍ അനുഭവപ്പെടുന്നത്. റോഡിലെ അനധികൃത പാര്‍ക്കിങ്ങും സംഘര്‍ഷവും ഏറെ ബുദ്ധിമുട്ടായതോടെ പ്രദേശവാസികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രദേശത്ത് സംഘര്‍ഷം പതിവായിരിക്കുന്ന സാഹചര്യത്തില്‍ സമീപപ്രദേശങ്ങളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഒരു മാസം 10.30ക്ക് ശേഷം കടകള്‍ പൂട്ടി സ്ഥിതിഗതികള്‍ പരിശോധിക്കാമെന്ന ആശയമാണ് കൗണ്‍സിലര്‍മാര്‍ മുന്നോട്ട് വച്ചത്. എന്നാല്‍, ഇരുകൂട്ടരും പരസ്പരം തീരുമാനങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ പ്രശ്‌ന പരിഹാരമാകാതെ യോഗം പിരിഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നാട്ടുകാര്‍ ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രാത്രി 10.30ന് ശേഷം കടകള്‍ തുറക്കരുതെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. എന്നാല്‍, 12 മണി വരെയെങ്കിലും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Leave a comment

Your email address will not be published. Required fields are marked *