തിരുവനന്തപുരം ദുരിതം വിതച്ച് കനത്തമഴ; വീടുകളില്‍ വെള്ളം കയറി
തിരുവനന്തപുരം: തലസ്ഥാനത്ത് തോരാതെ കനത്ത മഴ തുടരുന്നു. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. തലസ്ഥാന നഗരത്തില്‍ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ്. ചാക്ക, ഗൗരീശപട്ടം, വെള്ളായണി, പാറ്റൂര്‍, കണ്ണമ്മൂല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമായി. മണക്കാട്, ഉള്ളൂര്‍, വെള്ളായണി, പാറ്റൂര്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.
നെയ്യാറ്റിന്‍കര, പൊന്മുടി, വര്‍ക്കല പ്രദേശങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. മലയോരമേഖലയില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3 ക്കു സമീപം തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ശ്രീകാര്യത്ത് കനത്ത മഴയില്‍ സംരക്ഷണഭിത്തി തകര്‍ന്നു വീടിനു മുകളില്‍ പതിച്ചു. ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പിന്‍ഭാഗത്തെ മതിലാണ് സമീപത്തെ നാല് വീടുകളുടെ മുകളിലേക്ക് ഇടിഞ്ഞുവീണത്.
തെറ്റിയാർ കവിഞ്ഞ് ഒഴുകുന്നു. ടെക്നോപാർക്ക് മെയിൽ ഗേറ്റ് വഴി വാഹന ഗതാഗതം നിലവിൽ നിർത്തി വെച്ചിരിക്കുകയാണ്. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ആകെ 10 cm ഉയർത്തിയിട്ടുണ്ട്. വലിയ അളവിൽ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 08:30 ന് അത് 70cm കൂടി വർധിപ്പിച്ച് ആകെ 80 cm ആയി ഉയർത്തി. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































