ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി മരിച്ച സംഭവം; നിയമ നടപടിക്കൊരുങ്ങി പിതാവ്
തൃശൂര്‍: തിരുവില്വാമലയില്‍ ഫോണ്‍പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലത്തില്‍ പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പന്നിപ്പടക്കം കടിച്ചതാണോ അപകട കാരണമെന്നാണ് പോലീസ് പരിശോധിക്കുന്നത്. കൂടാതെ ബാറ്ററിക്ക് കേടില്ലെന്നും പുതുതായി പുറത്തുവരുന്ന വിവരത്തിലുണ്ട്. ഇതിനെതിരെയാണ് കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാനാവില്ലെന്ന് പിതാവ് അശോകന്‍ പറഞ്ഞു. മകളുടെ മരണം നടന്നതിന് പിന്നാലെ വിശദമായ പരിശോധന നടത്തിയിരുന്നു. അന്ന് അപകടം നടന്നത് ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണെന്നാണ് പോലീസും ഫോറന്‍സിക് വിദഗ്ധരുംപറഞ്ഞ്. ഇപ്പോള്‍ മറ്റൊരഭിപ്രായം പറയുന്നത് എങ്ങനെ എന്ന് അറിയില്ല. അപകടം നടന്നതിന് പിന്നാലെ ഫോണിന്റെ ബാറ്ററിക്ക് കേടുപറ്റി എന്നും കാണിച്ചു തന്നിരുന്നു. ഇപ്പോള്‍ ബാറ്ററിക്ക് കേടില്ല എന്നു പറയുന്നതെങ്ങനെ? ഇന്ന് എസിപിയെ കാണുന്നുണ്ടെന്നും രാസപരിശോധനാ ഫലം ആവശ്യപ്പെടുമെന്നും പിതാവ് അശോകന്‍ പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു അശോകന്റെ മകള്‍ ആദിത്യശ്രീ വീട്ടിനകത്തുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചത്.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































