വോട്ടെണ്ണലും ജന്മദിനവും ഒരേ നാള്; ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ച് തിരുപ്പതി ദര്‍ശനം നടത്തി തൃഷ
ചെന്നൈ: ജന്മദിനത്തില് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്. നടന് വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ (തമിഴക വെട്രി കഴകം) പതാകയുടെ നിറങ്ങളുളള ഷാള്‍ ധരിച്ചാണ് തൃഷ ക്ഷേത്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടന് നല്കുന്ന പരോക്ഷ പിന്തുണയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്ന പ്രത്യേകത കൂടി തൃഷയുടെ ഇത്തവണത്തെ പിറന്നാളിനുണ്ട്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ തൃഷയും തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. വലിയ രീതിയില്‍ സൈബര്‍ അധിക്ഷേപവും നടി നേരിട്ടിരുന്നു. വിജയ്യുമായുളള നടിയുടെ സൗഹൃദമാണ് എതിര് പാര്‍ട്ടികള്‍ ആയുധമാക്കിയത്. വിജയ്യുടെ ഭാര്യ സംഗീത നല്കിയ വിവാഹമോചന ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്ന ‘നടി’ തൃഷയാണ് എന്ന രീതിയിലാണ് പ്രചാരണങ്ങളുണ്ടായത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വിരലില്‍ മഷി പുരട്ടിയ ചിത്രം തൃഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അതും വലിയ രീതിയില്‍ ചര്‍ച്ചയായി. വിജയും തൃഷയും ഒന്നിച്ചഭിനയിച്ച് 2004-ല്‍ പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് തൃഷ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിലെ ‘അര്ജുനര് വില്ല്’ എന്ന ഗാനമാണ് തൃഷയുടെ പോസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ വിസില്‍ ശബ്ദമായിരുന്നു കേള്‍ക്കാനാവുക. വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ ചിഹ്നം വിസിലാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിനുളള പരസ്യ പിന്തുണയായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്.





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































