ലോക്‌സഭ കഴിഞ്ഞു; ഇനി വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ആറുമാസത്തിനിടെ വരാനിരിക്കുന്നത് രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍. മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചതോടെ ചേലക്കര നിയമസഭാ മണ്ഡലത്തിലും എംഎല്‍എ ഷാഫി പറമ്പില്‍ വടകരയില്‍ വിജയിച്ചതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. രാഹുല്‍ഗാന്ധി റായ്ബറേലിയില്‍ കൂടി വിജയിച്ചതിനാല്‍ മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ വയനാട് ലോക്‌സഭയിലേക്കും ഉപതെരഞ്ഞെടുപ്പുണ്ടാകും. കൂടാതെ മന്ത്രി കെ രാധാകൃഷ്ണന്‍ എംപിയാകുന്ന സാഹചര്യത്തില്‍ രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടനയും ഉടനുണ്ടാകും.
ആറുമാസത്തിനകം തെരഞ്ഞെടുപ്പുണ്ടാകും എന്നുളളത് കൊണ്ട് തന്നെ മുന്നണികള്‍ വൈകാതെ തയ്യാറെടുപ്പുകളിലേക്ക് കടക്കും. രാധാകൃഷ്ണന്റെ പിന്‍ഗാമിയായി ചേലക്കരയില്‍ മുന്‍ എംപി പി കെ ബിജുവിനെയാകും ഇടതുമുന്നണി കളത്തിലിറക്കുക. പാലക്കാട് നിലനിര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെയാകും യുഡിഎഫ് നിയോഗിക്കുക.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വയനാട് രാഹുലിന് പകരം പ്രിയങ്കാഗാന്ധി വരാനും സാധ്യതയുണ്ട്. സംസ്ഥാന നേതാക്കളാണ് മത്സരിക്കുന്നതെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനാവാനാണ് കൂടുതല്‍ സാധ്യത. കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ച് ലോക്‌സഭയിലേക്ക് പോകുന്നതോടെ പിണറായി മന്ത്രിസഭയില്‍ ഒരു പുതുമുഖം ദേവസ്വം മന്ത്രിയായി വന്നേക്കും.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































