#Politics #Top Four

സമരത്തിനിടെ ജയില്‍ സ്വാഭാവികം, അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നം: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സമരത്തിനിടെ ജയില്‍ സ്വാഭാവികമാണെന്നും എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പോലീസ് വീട്ടിലെത്തി കൊടും കുറ്റവാളിയെ പോലെയാണ് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്‌നമെന്ന് പറഞ്ഞ മാങ്കൂട്ടത്തില്‍, പിണറായിയും തിരിച്ചു കിട്ടുന്നത് സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കി.

Also Read; മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു

ഒരു നോട്ടീസ് പോലും തരാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. കൂടാതെ മെഡിക്കല്‍ രേഖ വ്യാജമാണെന്ന ആരോപണം തെളിയിക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ താന്‍ വെല്ലുവിളിക്കുകയാണെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു. രേഖ വ്യാജമെന്ന് തെളിയിച്ചാല്‍ ഞാന്‍ മാപ്പ് പറയാം. അല്ലെങ്കില്‍ എംവി ഗോവിന്ദന്‍ മാപ്പ് പറയുമോ? തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ പരിശോധനക്കിടെ ആര്‍എംഒയുടെ സാന്നിധ്യമുണ്ടായിരുന്നു. കോടതി വിശദമായ പരിശോധന നിര്‍ദ്ദേശിച്ചിട്ടും തന്റെ ബിപി മാത്രമാണ് നോക്കിയതെന്നും രക്തസമ്മര്‍ദ്ദം 160 ഉണ്ടായിട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഫിറ്റ് എന്നാണ് രേഖപ്പെടുത്തിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *