കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ കുടുംബവഴക്ക്; ഭര്‍ത്താവ് ജനാലവഴി റോഡിലേക്ക് ചാടി, കാലൊടിഞ്ഞു
കോട്ടയം: ഭാര്യയുമായി വഴക്കിട്ട് യുവാവ് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി.ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടി. ഇദ്ദേഹത്തിന്റെ കാല്‍ ഒടിഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 4.30-നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നാട്ടകത്തിന് സമീപമാണ് സംഭവം. സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read;ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി
ചങ്ങനാശ്ശേരിമുതല്‍ ഇയാളും ഭാര്യയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍, ഇതിനിടെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു. ഡ്രൈവര്‍ ബസ് നിര്‍ത്തി. 108 ആംബുലന്‍സ് വിളിച്ചുവരുത്തി ഭാര്യതന്നെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇടത് കാലിന് ഒടിവുണ്ടെന്നും രോഗി തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണ്. രണ്ട് സ്‌കാനിങ്കൂടി നടത്തിയശേഷം തുടര്‍ ചികിത്സ നിശ്ചയിക്കും.
വാഹനത്തില്‍നിന്നുള്ള അപകടമായതിനാല്‍ പ്രാഥമിക വിവരശേഖരണം നടത്തുമെന്ന് ഗാന്ധിനഗര്‍ പോലീസ് പറഞ്ഞു. പരാതിയുണ്ടെങ്കിലേ കേസെടുത്ത് അന്വേഷണം നടത്തൂ. നിലവില്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്നും അവര്‍ അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































