#india #Top Four

‘തമിഴ്‌നാടിന്റെ സഹോദരിമാര്‍ക്ക്, എന്നും കൂടെയുണ്ടാകും ‘; വിദ്യാര്‍ത്ഥിനികള്‍ക്ക് കത്തുമായി നടന്‍ വിജയ്

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വന്തം കൈപ്പട കൊണ്ട് കത്തെഴുതി നടന്‍ വിജയ്. ‘തമിഴ്നാടിന്റെ സഹോദരിമാര്‍ക്ക്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച കത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കൊപ്പം അവരുടെ സഹോദരനെപോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്‌നാട് സൃഷ്ടിക്കാന്‍ ഒപ്പമുണ്ടാകുമെന്നും വിജയ് കത്തില്‍ എഴുതി. കൂടാതെ ദയവുചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു.

Also Read ; നടന്‍ ദിലീപ് ശങ്കറിന്റെ മരണം; ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

കത്തില്‍ തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതു സംബന്ധിച്ചും, ഭരണകക്ഷിയായ ഡിഎംകെ സര്‍ക്കാരിനെ വിമര്‍ശിച്ചും പ്രസ്താവനകളുണ്ട്. ‘നിങ്ങളുടെ സഹോദരന്‍ എന്ന നിലയില്‍, ഈ സംസ്ഥാനത്തെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങളില്‍ (വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ) ഞാന്‍ അതീവ ദുഃഖിതനാണ്. നിങ്ങളുടെ സുരക്ഷ ആരില്‍ നിന്നാണ് ഞങ്ങള്‍ ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ഇത് ചോദിക്കുന്നത് കൊണ്ട് പ്രയോജനമില്ല,’ എന്നും വിജയ് കത്തില്‍ പറയുന്നുണ്ട്.

ക്രിസ്മസ് തലേന്ന് അണ്ണാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ 19കാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തപ്പോഴും ഡിഎംകെ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതായി എഐഎഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *