പ്രതീക്ഷയോടെ താരങ്ങള്‍; ഇന്ന് ഐപിഎല്‍ താരലേലം, മാര്‍ച്ച് 26ന് പുതിയ സീസണ് തുടങ്ങും
അബുദാബി: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഐപിഎല്‍ താരലേലം ഇന്ന്. 2.30 മുതലാണ് ലേലം തുടങ്ങുക. മാര്‍ച്ച് 26ന് ആകും പുതിയ ഐപിഎല്‍ സീസണ് ആരംഭിക്കുക.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
കൊല്‍ക്കത്തയ്ക്ക് താരലേലത്തില്‍ ബാക്കിയുള്ളത് 64.30 കോടി രൂപ. കൊല്‍ക്കത്തയാണ് ലേലത്തില്‍ സമ്പന്നര്‍. ആറ് വിദേശികള്‍ ഉള്‍പ്പടെ 13 താരങ്ങളെ ടീമിന് സ്വന്തമാക്കാം. താരലേലത്തില്‍ കാമറൂണ്‍ ഗ്രീന്‍, പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്, ജാമി സ്മിത്ത്, ജോണി ബെയര്‍സ്റ്റോ, കാര്‍ത്തിക് ശര്‍മ, മതീഷ പതിരാന, മാറ്റ് ഹെന്റി തുടങ്ങിയവരെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത ശ്രമിച്ചേക്കും. കുറഞ്ഞ വിലയ്ക്ക് വെങ്കടേഷ് അയ്യരെ വീണ്ടെടുക്കാനാണ് കൊല്‍ക്കത്തക്ക് ശ്രമം.
ചെന്നൈ സൂപ്പര്‍ കിംഗ്സ്
ചെന്നൈക്ക് ബാക്കിയുള്ളത് 43.40കോടി രൂപ. നാല് വിദേശ താരങ്ങള്‍ ഉള്‍പ്പടെ ഒന്‍പതുപേരെ ലേലത്തില്‍ സ്വന്തമാക്കാം. സഞ്ജു സാസണ്, യുവതാരം ആയുഷ് മാത്രേ, ക്യാപറ്റന് റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബേ, ഡിവാള്‍ഡ് ബ്രേവിസ്, എം എസ് ധോണി, ഉര്‍വിന്‍ പട്ടേല്‍, നൂര്‍ അഹമ്മദ് ,നേഥന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ് തുടങ്ങിയവര്‍ ടീമിലുണ്ട്. ലേലത്തില്‍ ഗ്രീന്‍, വെങ്കടേഷ്, ലിയാം ലിയാം ലിവിംഗ്സ്റ്റണ്, ജേസണ്‍ ഹോള്‍ഡര്‍, മൈക്കല്‍ ബ്രേസ്വെല്, മുസ്തഫിസുര്‍ റഹ്മാന് എന്നിവരെയാണ് ടീം ലക്ഷ്യമിടുന്നത്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
ആര്‍സിബിക്ക് ബാക്കിയുള്ളത് 16.40 കോടി രൂപ. രണ്ട് വിദേശികള്‍ ഉള്‍പ്പടെ എട്ട് താരങ്ങളെ ടീമിലെത്തിക്കാം. ലുംഗി എന്‍ഗിഡി, അല്‍സാരി ജോസഫ്, ടസ്കിന് അഹമ്മദ്, സ്പെന്‍സര്‍ ജോണ്സണ്, സര്‍ഫറാസ്, ദീപക് ഹൂഡ എന്നിവരെ ആര്‍സിബി ലക്ഷ്യമിടും. ഏറ്റവും കുറവ് പണമുള്ളത് മുംബൈ ഇന്ത്യന്‍സിനാണ്. ബാക്കിയുള്ളത് 2.75 കോടി രൂപ. ഒരുവിദേശി ഉള്‍പ്പടെ അഞ്ച് താരങ്ങളെ സ്വന്താമാക്കാം. ജോണി ബെയര്‍സ്റ്റോ, കുശാല്‍ മെന്‍ഡിസ്, ജാമി സ്മിത്ത്, ടീം സീഫെര്‍ട്ട് തുടങ്ങിയവരെ മുംബൈ ലക്ഷ്യമിടും.
ലക്നൗ സൂപ്പര്‍ ജയന്റ്സ്
ലക്നൗ സൂപ്പര്‍ ജയന്റ്സിന് താരലേലത്തില്‍ ബാക്കിയുള്ളത് 22.95 കോടി രൂപ. നാല് വിദേശികള്‍ ഉള്‍പ്പടെ ആറ് താരങ്ങളെ ലേലത്തില്‍ എടുക്കാം. ഹോള്‍ഡര്‍, സല്മാന് നിസാര്‍, അല്‍സാരി ജോസഫ്, വിയാല്‍ മള്‍ഡര്‍ തുടങ്ങിയ താരങ്ങളിലാണ് ലക്നൗവിന്റെ കണ്ണ്. ഡല്‍ഹി ക്യാപിറ്റല്‍സിന് താരലേലത്തില്‍ ബാക്കിയുള്ളത് 21.80 കോടി രൂപ. അഞ്ച് വിദേശികള്‍ ഉള്‍പ്പെട എട്ട് താരങ്ങളെ സ്വന്തമാക്കാം. ക്വിന്റണ്‍ ഡി കോക്ക്, പതും നിസ്സങ്ക, പതിരാന, ബെയര്‍സ്റ്റോ, മുസതഫിസുര് എന്നിവരെ ലക്ഷ്യമിടും. സണ്‍റൈസേഴ്സ് ഹൈദരാബാദിന് താരലേലത്തില്‍ ബാക്കിയുള്ളത് 25.50 കോടി രൂപ. രണ്ട് വിദേശികള്‍ ഉള്‍പ്പടെ പത്ത് താരങ്ങളെ സ്വന്തമാക്കാം. അക്വിബ് നബി, ആകാശ് ദീപ്, അശോക് ശര്‍മ, മഹിപാല്‍ ലോംറോര്‍, കാര്‍ത്തിക് ശര്‍മ എന്നിവരാണ് ഹൈദരബാദ് ലക്ഷ്യമിടുന്നത്.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































