#Politics #Top Four

‘കോടിയേരിയുടെ ജീവിതവഴികള്‍ പ്രചോദനമാക്കുക’; അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സിപിഐഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണനെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാര്‍ടിക്കൂറും ഉജ്ജ്വലമായ സംഘടനാ ശേഷിയും ഒത്തുചേര്‍ന്ന നേതാവായിരുന്നു അദ്ദേഹം. സംഘടനാ കാര്യങ്ങളില്‍ കാര്‍ക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു ബാലകൃഷ്ണന്റെ സവിശേഷത. അതുകൊണ്ടുതന്നെ ആ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാന്‍ നമുക്ക് സാധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ 2022 ഒക്ടോബര്‍ ഒന്നിനാണ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിനു നല്‍കിയ വിലപ്പെട്ട സംഭാവനയാണ് കോടിയേരി. അടിയന്തരാവസ്ഥയുടെ കാലഘട്ടത്തില്‍ ക്രൂരമായ പീഢനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ഭരണകൂട ഭീകരതയില്‍ തളരാത്ത നേതാവായിരുന്നു. കൂടാതെ ടൂറിസം വകുപ്പിലും ആഭ്യന്തര വകുപ്പിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനു സാധിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ ചിരസ്മരണ ഒരു വഴിവിളക്കുപോലെ നമുക്ക് മുന്നില്‍ ജ്വലിക്കുകയാണ്. ഉറച്ച പ്രത്യയശാസ്ത്രബോധ്യവും വിട്ടുവീഴ്ചയില്ലാത്ത പാര്‍ടിക്കൂറും ഉജ്ജ്വലമായ സംഘടനാ ശേഷിയും ഒത്തുചേര്‍ന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. സംഘടനാ കാര്യങ്ങളില്‍ കാര്‍ക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു ബാലകൃഷ്ണന്റെ സവിശേഷത. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം പാര്‍ടി സംഘടനാകാര്യങ്ങളില്‍ മുഴുകിയത്.

പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനം ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിനു നല്‍കിയ വിലപ്പെട്ട സംഭാവനയാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്‍. തലശ്ശേരി കലാപസമയത്ത് മതനിരപേക്ഷതയുടെ കാവലാളായി.

സമാധാനം പുനഃസ്ഥാപിക്കാന്‍ രംഗത്തിറങ്ങിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ അന്നത്തെ വിദ്യാര്‍ത്ഥി നേതാവായ ബാലകൃഷ്ണനുമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും ഭരണകൂട ഭീകരതയില്‍ ഒരിഞ്ചു തളരാതെ എസ്എഫ്ഐയെ മുന്നോട്ടു നയിച്ചു. ജനകീയ സമരങ്ങളുടെയും സംഘാടനങ്ങളുടേയും മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ബാലകൃഷ്ണന്‍ വളരെ പെട്ടെന്നു തന്നെ ശ്രദ്ധേയനായ കമ്മ്യൂണിസ്റ്റ് നേതാവായി വളരുകയായിരുന്നു.

പ്രതികൂല സാഹചര്യങ്ങളെ ധീരമായി നേരിടാനുള്ള അസാമാന്യമായ മന:ശ്ശക്തിയും പ്രത്യയശാസ്ത്ര ദൃഢതയും കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു. അതോടൊപ്പം മികച്ച ഭരണാധികാരിയും പാര്‍ലമെന്റേറിയനുമായി വ്യക്തിമുദ്ര പതിപ്പിക്കാനും കഴിഞ്ഞു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും അദ്ദേഹത്തിന്റെ നിയമസഭാ പ്രസംഗങ്ങളെ എക്കാലത്തും രാഷ്ട്രീയ കേരളമാകെ ഉറ്റുനോക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിലും ടൂറിസം വകുപ്പിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനു കഴിഞ്ഞു.

സഖാവ് കോടിയേരി നടന്നുതീര്‍ത്ത ജീവിതവഴികള്‍ ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പാര്‍ടി കൂറിന്റെയും വലിയ മാതൃകകള്‍ നമുക്ക് കാണിച്ചുതരുന്നുണ്ട്. പാര്‍ടി നിരന്തരമായ വേട്ടയ്ക്കു വിധേയമായ സന്ദര്‍ഭങ്ങളിലെല്ലാം തന്നെ മുന്നില്‍ നിന്ന് പ്രതിരോധിച്ചവരിലൊരാളാണ് സഖാവ്. ആ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാന്‍ നമുക്ക് സാധിക്കണം.

Leave a comment

Your email address will not be published. Required fields are marked *