വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പുഴയിലെറിഞ്ഞ് പോലീസ്
പാട്ന: വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാതെ പുഴയിലേക്കെറിഞ്ഞ് ബീഹാര്‍ പോലീസ്. മുസഫര്‍നഗറിലെ ഫകുലിയില്‍ ദേശീയ പാത 22-ല്‍ ആയിരുന്നു സംഭവം. അജ്ഞാത വാഹനമിടിച്ച് മരണപ്പെട്ടയാളുടെ മൃതദേഹമാണ് പോലീസ് പുഴയിലേക്കെറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് മൃതദേഹം കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
ട്രക്ക് ഇടിച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണ് ലഭിച്ച വിവരം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയോ പോസ്റ്റുമോര്‍ട്ടം നടത്തുകയോ ചെയ്യാതെ പാലത്തില്‍ നിന്നും പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു.
Also Read; സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഒക്ടോബര്‍ 16 ന് കടയടച്ച് സമരം നടത്തും
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ രാത്രി വൈകി പോലീസ് പുഴയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുകയായിരുന്നു.
പോലീസ് ആദ്യം മൃതദേഹത്തോട് അനാദരവ് കാട്ടുന്നതും പിന്നീട് മൃതദേഹം കണ്ടെടുക്കുന്നതും ആളുകള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആദ്യമേ അയച്ചെന്നും റോഡില്‍ കുടുങ്ങിയ ശരീരഭാഗങ്ങള്‍ മാത്രമാണ് പുഴയിലെറിഞ്ഞതെന്നുമാണ് പോലീസിന്റെ വാദം. എന്നാല്‍ പോലീസുകാര്‍ മൃതദേഹം കമ്പുകള്‍ ഉപയോഗിച്ച് പാലത്തിന്റെ കൈവരിയില്‍ നിന്ന് തള്ളി നീക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അതിനാല്‍ അന്വേഷണത്തിന് ശേഷം കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
Join with metro post: മെട്രോ പോസ്റ്റ് വാട്സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































