നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലിനേയും സോണിയയേയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ആലോചിക്കുന്നത്.
കേസ് അന്വേഷിക്കുന്ന ഇ ഡി സംഘം കഴിഞ്ഞ വര്‍ഷം രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും സോണിയ ഗാന്ധിയെ മൂന്ന് ദിവസവും ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ ട്രഷറര്‍ പവന്‍ കുമാര്‍ ബന്‍സല്‍ എന്നിവരേയും ഒന്നിലേറെ തവണ ചോദ്യം ചെയ്തിരുന്നു. ഇതിന് പുറമെ കഴിഞ്ഞ രണ്ട് ദിവസമായി പവന്‍ ബന്‍സാലിനെ ഇ ഡി ചോദ്യം ചെയ്യുകയാണ്. ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ബന്‍സാലിനെ ചോദ്യം ചെയ്തതെന്നാണ് സൂചന.
2019 വരെ ഷെല്‍ കമ്പനികളില്‍ നിന്ന് യങ് ഇന്ത്യ എന്ന കമ്പനിയിലേക്ക് പണം കൈമാറ്റം ചെയ്യപ്പെട്ടുവെന്ന രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായി ഇ ഡി വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യങ് ഇന്ത്യ കമ്പനിയിലെ 76 ശതമാനം ഓഹരികളുടെയും ഉടമകളായതിനാലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി ആലോചിക്കുന്നത്.
Also Read; ഭാസുരാംഗനെ പുറത്താക്കി സിപിഐ
എന്നാല്‍ ഇ ഡി യുടെ ചോദ്യം ചെയ്യലിനിടെ നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന നിലപാടാണ് സോണിയയും രാഹുലും സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ ട്രഷറര്‍ പരേതനായ മോത്തിലാല്‍ വോറയാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നത് എന്നായിരുന്നു ഇരുവരും മൊഴി നല്‍കിയത്.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































