സ്‌പ്രേ ചെയ്തയാളെ പിടികൂടിയത് കോണ്‍ഗ്രസ് എം.പി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം കാണിച്ച അക്രമികളില്‍ ഒരാളെ സഭയ്ക്കുള്ളില്‍വെച്ച് പിടികൂടിയത് കോണ്‍ഗ്രസ് എം.പി ഗുര്‍ജീത് സിങ് ഓജ്‌ല. സന്ദര്‍ശക ഗാലറിയില്‍നിന്ന് അക്രമികള്‍ താഴേക്ക് ചാടി സ്പ്രേ അടിച്ചതോടെ ചില എം.പിമാര്‍ സഭയ്ക്ക് പുറത്തേക്ക് ഓടുകയും ചിലര്‍ അക്രമികളെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് എം.പി ഗുര്‍ജീത് സിങ് ഓജ്ല അക്രമിയെ ബലമായി പിടിച്ചുവെച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
‘മഞ്ഞ നിറത്തിലുള്ള പുക പുറത്തേക്ക് വിടുന്ന എന്തോ ഒരു സാധനം അയാളുടെ കൈയിലുണ്ടായിരുന്നു. ഞാന്‍ അത് തട്ടിപ്പറിക്കുകയും പുറത്തേക്ക് എറിയുകയും ചെയ്തു. ഇന്നത്തെ സംഭവം വലിയൊരു സുരക്ഷാവീഴ്ചയാണ്’, സംഭവത്തിന് പിന്നാലെ ഗുര്‍ജീത് സിങ് ഓജ്ല പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പഞ്ചാബിലെ അമൃത്സറില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് ഗുര്‍ജീത് സിങ്. ഇദ്ദേഹത്തിന് പുറമേ ആര്‍എല്‍പി നേതാവ് ഹനുമാന്‍ ബെനിവാളും അക്രമികളെ പിടികൂടിയ എം.പിമാരില്‍ ഉണ്ടായിരുന്നു. ‘പിടികൂടിയതോടെ അക്രമി ഷൂവിനുള്ളില്‍ നിന്ന് എന്തോ എടുത്ത് സ്പ്രേ ചെയ്തു, പിന്നാലെയാണ് രണ്ടാമനേയും പിടികൂടിയത്’ ബെനിവാള്‍ പറഞ്ഞു.
Also Read; നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍
അതിക്രമം കാണിച്ച രണ്ടുപേരും മുദ്രാവാക്യം വിളിച്ചിരുന്നതായും സ്പീക്കര്‍ക്ക് നേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചതായും കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പറഞ്ഞു. ‘പെട്ടെന്ന് 20 വയസ്സോളം പ്രായം തോന്നിക്കുന്ന രണ്ടു യുവാക്കള്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും സഭയിലേക്ക് ചാടി വീഴുകയായിരുന്നു. അവരുടെ കൈയ്യിലുണ്ടായിരുന്ന കാനുകളില്‍ നിന്നും മഞ്ഞ പുക പുറത്തുവരുന്നുണ്ടായിരുന്നു. ഇതിനിടെ അക്രമികളിലരാള്‍ സ്പീക്കറുടെ കസേരയ്ക്കടുത്തേക്ക് ഓടാനായി ശ്രമിച്ചു. എന്തോ മുദ്രാവാക്യവും അവര്‍ മുഴക്കുന്നുണ്ടായിരുന്നു. ആ പുക ചിലപ്പോള്‍ വിഷാംശമുള്ളതായിരിക്കാം. 2001ല്‍ പാര്‍ലമെന്ററി ആക്രമണം ഉണ്ടായ ഡിസംബര്‍ 13ന് തന്നെ ഇങ്ങനെയൊരു സംഭവമുണ്ടായത് കനത്ത സുരക്ഷാ വീഴ്ചയാണ്’, കാര്‍ത്തി ചിദംബരം പറഞ്ഞു.





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































