#Top Four

തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവം; പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

വയനാട്: മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനത്തിലേക്ക് അയയ്ക്കുന്നതിന് മുന്‍പേ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നുഎന്നും പരിശോധനകള്‍ നടക്കുന്നതിനിടയില്‍ തന്നെ തണ്ണീര്‍ കൊമ്പന്‍ മരിച്ചതായുള്ള വിവരമാണ് ലഭിച്ചതെന്നും മന്ത്രി പ്രതികരിച്ചു.
ഊഹാപോഹങ്ങള്‍ പറയുന്നത് ഉചിതമായിരിക്കില്ല. ഇന്ന് ബന്ദിപൂരില്‍ വെച്ച് ഏഴ് മണിയോടെയാണ് ആന ചരിഞ്ഞത്.
കര്‍ണാടക വനംവകുപ്പാണ് വിവരം കേരള വനംവകുപ്പിനെ അറിയിച്ചത്. 20 ദിവസത്തിനിടെ രണ്ട് തവണ തണ്ണീര്‍കൊമ്പനെ മയക്കുവെടി വെച്ചിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നിഗമനങ്ങളിലേക്ക് പോകുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി . മയക്കു വെടിവെച്ച് പിടിച്ച് പരിശോധന നടത്തിയ സമയത്ത് പ്രശ്നമുള്ളതായി തോന്നിയിട്ടില്ല. എത്രയും പെട്ടന്ന് സുരക്ഷിതമായ സ്ഥലത്തെത്തിക്കുക എന്നതായിരുന്നു അടിയന്തര കടമയായി ഏറ്റെടുത്തിരുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read; നാലുവയസ്സുകാരന് ഷിഗെല്ല; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

‘അത്യന്തം വിജയകരമായി പൂര്‍ത്തിയാക്കിയ ദൗത്യത്തില്‍ നേര്‍ വിപരീതമായ വാര്‍ത്തയാണ് ഇന്ന് കേള്‍ക്കേണ്ടി വന്നത്. തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് നടുക്കമുണ്ടാക്കി. വിദഗ്ധ പരിശോധന തുടങ്ങും മുന്‍പ് ആന ചരിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ.
എല്ലാ കാര്യങ്ങളും സുതാര്യമായാണ് നടന്നത്. തുടര്‍ നടപടികളും സുതാര്യമായിരിക്കും. കേരള കര്‍ണാടക വനംവകുപ്പ് സംയുക്തമായി അന്വേഷിക്കും. അഞ്ചംഗ വിദഗ്ധ സമിതിയെ കേരളം നിയോഗിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ആനയെ പിടികൂടിയത്. മാനന്തവാടിയിലെ ജനങ്ങള്‍ സഹകരിച്ചു. നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായില്ല. തണ്ണീര്‍ കൊമ്പന്‍ ചെരിഞ്ഞതില്‍ ദുരൂഹത ഉള്ളതായി സംശയിക്കുന്നില്ല. ആന മയക്കുവെടിവെച്ചിട്ടും ശാന്തനായിരുന്നു. അതിന്റെ കാരണം അറിയണം. പ്രാഥമിക പരിശോധനയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മക്കുവെടിവെച്ചിട്ടും ഇത്രയും ആളുകള്‍ പ്രകോപനപരമായി പെരുമാറിയിട്ടും ശാന്തത കൈവിടാതെ നിന്നത് എന്തുകൊണ്ട് എന്നുള്ളത് സവിശേഷത ആയിരുന്നു’, മന്ത്രി പറഞ്ഞു.

 

 

Leave a comment

Your email address will not be published. Required fields are marked *