പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്, ഇന്ന് അംഗത്വം സ്വീകരിക്കുമെന്ന് സൂചന
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയുടെ ഭാഗമാകാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ മകളുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.
തുടര്‍ച്ചയായി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയും കോണ്‍ഗ്രസ് നിലപാടുകളില്‍ വന്ന മാറ്റവുമാണ് പത്മജയെ ബിജെപിയിലേക്ക് എത്തിച്ചതെന്നാണ് വിവരം.
Also Read; കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാല്‍ തന്നെ പിന്‍വലിച്ചു. അതിന് പിന്നാലെ പത്മജ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.





Malayalam 


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































