‘കെസി നയിക്കട്ടെ’, ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത് സിപിഎം നേതാവ്
തൃശൂര്‍: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കിടെ, കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്ളക്സ് വെച്ച സിപിഎം നേതാവ് സിസിവിടിയില്‍ കുടുങ്ങി. തൃശൂര്‍ വാടാനാപ്പള്ളിയില്‍ സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദ് ആണ് സിസിടിവിയില്‍ കുടുങ്ങിയത്. മുഹമ്മദ് ഫ്ളക്സുമായി എത്തി റോഡരികില്‍ സ്ഥാപിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണ് സിപിഎം നേതാവും വാടാനപ്പള്ളി ലോക്കല്‍ കമ്മറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെമ്പറുടെ ഭര്‍ത്താവുമായ അരവശ്ശേരി മുഹമ്മദ് കെ സി വേണുഗോപാലിന്റെ ഫോട്ടോവെച്ച ‘കെ സി നയിക്കട്ടെ’ എന്നെഴുതിയ ഫ്ളക്സ് വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചത്. രാത്രി ഫ്ളക്സ് സ്ഥാപിച്ച ശേഷം ഇയാള്‍ തന്നെ രാവിലെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. പ്രദേശത്തെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ, സിപിഎം നേതാവ് വെട്ടിലായി.
സംഭവത്തില്‍ യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ പേരില്‍ പൊലീസില്‍ പരാതി നല്കി. പ്രതിഷേധ പ്രകടനവും നടത്തി. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയില്‍ കെ സിയെ അനുകൂലിച്ചും വി ഡി സതീശനെ അനുകൂലിച്ചും വ്യാപകമായി ഫ്ളക്സുകള്‍ ഉയര്‍ന്നിരുന്നു. വി ഡി സതീശനുവേണ്ടി തൃശൂര്‍ നഗരത്തിലും കൊടുങ്ങല്ലൂരിലും പെരുമ്പിലാവിലും ഇരിങ്ങാലക്കുടയിലും പ്രകടനങ്ങളും നടന്നിരുന്നു. ഇതിനിടെയാണ് സിപിഎം നേതാവ് തന്നെ ഫ്ളക്സ് സ്ഥാപിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































