കൂടുതല്‍ കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞു; ജനങ്ങള്‍ക്ക് മുന്നറിയിപ്പ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആലപ്പുഴ കളക്ടര്‍
കൊല്ലം/ആലപ്പുഴ: കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ കപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കരക്കടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. കണ്ടെയ്‌നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നുമുള്ള മുന്നറിയിപ്പ് ദുരന്ത നിവാരണ അതോറിറ്റി ആവര്‍ത്തിച്ചു. 200 മീറ്റര്‍ അകലത്തില്‍ മാത്രമെ നില്‍ക്കാന്‍ പാടുകയുള്ളുവെന്നാണ് നിര്‍ദേശം.
കസ്റ്റംസ് എത്തി പരിശോധിച്ചശേഷമായിരിക്കും കണ്ടെയ്‌നറുകള്‍ മാറ്റുക. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ട്. ആളുകള്‍ അടുത്തേക്ക് പോകരുത്. കപ്പല്‍ മുങ്ങിയ സ്ഥലത്ത് എണ്ണപാട നിര്‍വീര്യമാക്കാനുള്ള ജോലികള്‍ തുടരുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആലപ്പുഴ കളക്ടര്‍ പറഞ്ഞു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
തീരത്തടിഞ്ഞ കണ്ടെയ്‌നറുകള്‍ എംഎസ്‌സി കപ്പല്‍ കമ്പനിക്ക് കൈമാറും. കണ്ടെയ്‌നറുകള്‍ കൊണ്ടുപോകാനുള്ള സാങ്കേതിക സഹായം കോസ്റ്റ്ഗാര്‍ഡും ജില്ലാ ഭരണകൂടവും നല്‍കും. കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിഞ്ഞതില്‍ ജനങ്ങള്‍ കൂടുതല്‍ കരുതല്‍ എടുക്കണമെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. തീരദേശ പഞ്ചായത്തുകളില്‍ പ്രത്യേകം മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 200 മീറ്റര്‍ അടുത്തേക്ക് പോകാനോ തൊടാനോ കൂട്ടം കൂടി നില്‍ക്കാനോ പാടില്ലെന്നും കെ രാജന്‍ പറഞ്ഞു.
അതേസമയം, ചരക്ക് കപ്പില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ കടല്‍ വെള്ളത്തില്‍ അപകടരമായ വസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടോ എന്നുള്ള പരിശോധന തുടങ്ങി. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗവും മത്സ്യവകുപ്പും ചേര്‍ന്ന് സാമ്പിള്‍ ശേഖരിക്കുകയാണ്. അടുത്ത ഘട്ടമായി മത്സ്യത്തിന്റെ സാമ്പിളുകളും ശേഖരിക്കും.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































