February 11, 2026
#kerala #Top Four

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥ; നാഷനൽ ലീഗിന്റെ അസാന്നിധ്യം ചർച്ചയാകുന്നു

കൊടുവള്ളി: സംസ്ഥാന സർക്കാറിന്റെ പത്ത് വർഷക്കാലത്തെ വികസന നേട്ടങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനായി എൽ ഡി എഫ് നടത്തുന്ന മൂന്ന് മേഖലാ വികസന ജാഥകളിൽ എൽ ഡി എഫ് ഘടക കക്ഷിയായ നാഷനൽ ലീഗിന്റെ അസാന്നിധ്യം ചർച്ചാ വിഷയമാകുന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥക്ക് വെള്ളിയാഴ്ച വൈകിട്ട് കൊടുവളളിയിൽ നൽകിയ സ്വീകരണത്തിൽ പ്രാഫ. എ പി അബ്ദുൽ വഹാബ് നേതൃത്വം നൽകുന്ന നാഷനൽ ലീഗ് പ്രതിനിധികൾ പങ്കെടുത്തില്ല. അതേസമയം, മുൻ മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ നേതൃത്വത്തിലുള്ള ഐ എൽ എൽ പ്രതിനിധികൾ പങ്കെടുക്കുകയും ചെയ്തു. മാത്രമല്ല, പഴയ നാഷനൽ സെക്കുലർ കോൺഫറൻസിന്റെ നേതാക്കളും ഇടതു സഹയാത്രികരും സ്വീകരണ പരിപാടിയിൽ സജീവമായി ഉണ്ടായിരുന്നു.

പ്രമീള ശശിധരനും പി കെ ശശിയും പാര്‍ട്ടി വിടും? പുതിയ നീക്കങ്ങളുമായി കോണ്‍ഗ്രസ്

പി ടി എ റഹീം എം എൽ എയും മുൻ എം എൽ എ കാരാട്ട് റസാഖും പങ്കെടുത്തിരുന്നു. സ്വാഗത സംഘം ചെയർമാനും കെംഡൽ ചെയർമാനുമായ വായോളി മുഹമ്മദായിരുന്നു അധ്യക്ഷത വഹിച്ചത്. എന്നാൽ കൊടുവള്ളിക്കാരായ നാഷനൽ ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി പി നാസർക്കോയ തങ്ങൾ, ഒ പി ഐ കോയ, നാഷനൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഒ പി റശീദ്, കിഴക്കോത്ത് പഞ്ചായത്ത് ഭാരവാഹി വഹാബ് മണ്ണിൽക്കടവ് എന്നിവരുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ജാഥയിൽ ഐ എൻ എൽ നേതാവ് കാസിം ഇരിക്കൂറിനെ നാഷനൽ ലീഗ് പ്രവർത്തകരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി പ്രസംഗിക്കാൻ ക്ഷണിക്കാത്തതും പ്രവർത്തകർക്കിടയിൽ സംസാര വിഷയമായി. മുക്കത്ത് നടന്ന സ്വീകരണത്തിൽ ഐ എൻ എൽ പ്രതിനിധിയായി കാസിം ഇരിക്കൂർ പ്രാസംഗികനായി എത്തുകയും ചെയ്തു. കൊടുവള്ളി നിയോജക മണ്ഡലത്തിൽ നടന്ന മണ്ഡലം തല വികസന മുന്നേറ്റ യാത്രയിൽ ജാഥാ ലീഡറായ വി വസീഫിനോടൊപ്പം ഉപ ലീഡറായി നാഷനൽ ലീഗ് സംസ്ഥാന സെക്രട്ടറിയും കൊടുവള്ളി നഗരസഭാ കൗൺസിലറുമായ സി പി നാസർക്കോയ തങ്ങളും മറ്റ് പ്രാദേശിക നേതാക്കളും സജീവമായി പങ്കെടുത്തിരുന്നു.

സംസ്ഥാനതലത്തിൽ നടക്കു മൂന്ന് മേഖലാ ജാഥകളിലേക്കും നാഷനൽ ലീഗിന്റെ മുന്ന് പ്രതിനിധികളുടെ പേര് എൽ ഡി എഫ് ആവശ്യപ്പെട്ടതിനെ തുടർന്ന് നൽകിയതായാണ് വിവരം, അതുപ്രകാരം ഗോവിന്ദൻ നയിക്കുന്ന ജാഥയിലേക്ക് സംസ്ഥാന അധ്യക്ഷൻ പ്രൊഫ. എപി അബ്ദുൽ വഹാബിന്റെ പേരാണ് നിർദേശിക്കപ്പെട്ടത്. എന്നാൽ ജാഥയുടെ അന്തിമ പ്രോഗ്രാം ലിസ്റ്റ് പുറത്തുവന്നപ്പോൾ വഹാബിന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. മറ്റ് രണ്ട് മേഖല ജാഥകളിലും സ്ഥിതി ഒട്ടും വിഭിന്നമല്ല. ഇതുമൂലം ജാഥയുടെ സ്വീകരണ പരിപാടികളിൽ നിന്ന് നാഷനൽ ലീഗ് വിട്ടു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. മറ്റാരുടെയോ പ്രേരണ മൂലമാകാം പാർട്ടിയെ പരിഗണിക്കാതിരുന്നതെന്നാണ് പ്രവർത്തകർ സംശയം പ്രകടിപ്പിക്കുന്നത്. നേത്യത്വങ്ങളെ ഇതു സംബന്ധിച്ചുള്ള പ്രതിഷേധം അറിയിച്ചതായാണ് വിവരം. വിഷയം സജീവ ചർച്ചയായതോടെ പ്രാദേശിക സി പി എം നേതാക്കൾ എൽ എൽ ഡി എഫ് നേതൃത്വവുമായി ബന്ധപ്പെട്ട് നാഷനൽ ലീഗുമായി അനുനയ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *