വമ്പന്‍ പോരിന് മുന്‍പേ കോഹ്ലിക്ക് ചെക്ക് പറഞ്ഞ് ബാബര്‍, വീണ്ടും ലോക റെക്കോര്‍ഡ് തകര്‍ത്തു

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ വിരാട് കോഹ്ലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 22 പന്തില്‍ 17 റണ്‍സെടുത്ത ബാബര്‍ ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റനായി.
ഈ നാഴികക്കല്ലിലെത്താന്‍ ബാബര്‍ 31 ഇന്നിംഗ്സുകള്‍ മാത്രമാണെടുത്തത്. 2017 ജനുവരിയില്‍ എം എസ് ധോണിക്ക് പകരം ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായ വിരാട് 36 ഇന്നിംഗ്സുകളില്‍ നിന്നാണ് ക്യാപ്റ്റനെന്ന നിലയില്‍ 2000 റണ്‍സ് നേടിയത്. കോഹ്ലിയേക്കാള് അഞ്ച് ഇന്നിംഗ്സുകള്‍ മുന്‍പേ ഈ നേട്ടത്തിലെത്താന്‍ ബാബറിന് സാധിച്ചു.
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് എ ബി ഡിവില്ലിയേഴ്സും 2015ലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയയുടെ ടീം ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. ഡിവില്ലിയേഴ്സ് 41 ഇന്നിംഗ്സുകളിലും ക്ലര്‍ക്ക് 47 ഇന്നിംഗ്സുകളിലും ക്യാപ്റ്റനെന്ന നിലയില്‍ 2000 റണ്‍സ് തികച്ചു.
ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന താരമാണ് ബാബര്‍. ടി20യില്‍ മൂന്നാം സ്ഥാനത്തും ടെസ്റ്റില്‍ നാലാം റാങ്കിലുമുള്ള ഈ ഇരുപത്തിയെട്ടുകാരന് വിരാട് കോഹ്ലിയുടെ കളിക്കളത്തിലെ എതിരാളിയായി വിലയിരുത്തപ്പെടുന്നു. ഇതിനകം തന്നെ കോഹ്ലിയുടെ ഒട്ടേറെ റെക്കോര്‍ഡുകള്‍ ബാബര്‍ മറികടന്നിട്ടുണ്ട്.
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ 151 റണ്‍സ് നേടിയ ശേഷം ബാബര്‍ ഇന്ത്യയ്ക്കെതിരെ കളിക്കാനിറങ്ങിയിരുന്നു. എന്നാല്‍, മഴമൂലം കളി തടസ്സപ്പെട്ടതോടെ ബാറ്റു ചെയ്യാനായില്ല. പാകിസ്ഥാന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നെങ്കില്‍ ബാബര്‍ ഇന്ത്യയ്ക്കെതിരെ തന്നെ ഈ റെക്കോര്‍ഡ് നേടുമായിരുന്നു.
2015 മെയ് 31 ന് സിംബാബ്വെയ്ക്കെതിരെ പാക്കിസ്ഥാനുവേണ്ടി ഏകദിന അരങ്ങേറ്റം കുറിച്ച ബാബര്‍ 106 ഏകദിന ഇന്നിംഗ്സുകളില്‍ നിന്ന് 19 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. പാകിസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ കളിക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബാബര്‍. മുന്‍ ഓപ്പണര്‍ സയീദ് അന്‍വറിന്റെ 20 ഏകദിന സെഞ്ചുറികളുടെ എക്കാലത്തെയും പാക് റെക്കോഡിനൊപ്പമെത്താന്‍ വലംകൈയ്യന്‍ ബാറ്ററിന് ഒരു സെഞ്ചുറി കൂടി മതിയാകും.