#news #Top Four

ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണവുമായി വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണവുമായി വൈദ്യുതി വകുപ്പ് ഉത്തരവ്. പോലീസിന്റെയും കെഎസ്ഇബിയുടേയും മുന്‍കൂര്‍ അനുമതിയില്ലാതെ ഉത്സവങ്ങള്‍ക്ക് വലിയ വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ കേസെടുക്കും. വലിയ കെട്ടുകാഴ്ചകള്‍ക്ക് ഒരുമാസം മുമ്പ് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ട്. വിദൂര സ്ഥലങ്ങളില്‍ നിന്നും വാടക കെട്ടുകാഴ്ചകള്‍ ഉത്സവ സ്ഥലങ്ങളിലേക്ക് കൊണ്ടു വരുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക. ഇത്തരത്തില്‍ കൊണ്ടുവരേണ്ട ഏതെങ്കിലും സാഹചര്യം ഉണ്ടായാല്‍ ഇക്കാര്യത്തില്‍ വെദ്യുതി ലൈനുകള്‍ അഴിക്കേണ്ടാത്ത രീതിയില്‍ കെട്ടുകാഴ്ചകളുടെ ഉയരം നിജപ്പെടുത്തി പോലീസിന്റേയും കെഎസ്ഇബിയുടേയും മുന്‍കൂര്‍ അനുമതി വാങ്ങി മാത്രം കെട്ടുകാഴ്ചകള്‍ കൊണ്ടു വരിക. അനുമതി ഇല്ലാതെ വാടക കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരവും മറ്റ് ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഓരോ ആരാധനാലയത്തിന്റേയും ഭരണസമിതികള്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന കെട്ടുകാഴ്ചകള്‍ സംബന്ധിച്ചുള്ള അപേക്ഷകള്‍ ക്രോഡീകരിച്ച് ഒരു മാസത്തിന് മുന്‍പെങ്കിലും കെഎസ്ഇബിക്ക് നല്‍കുക. അപേക്ഷയോടൊപ്പം നല്‍കിയ വിശദാംശങ്ങളില്‍ പിന്നീട് മാറ്റം വരാത്ത രീതിയില്‍ കെട്ടുത്സവങ്ങള്‍ നടത്തണം. ഓരോ വര്‍ഷവും കെട്ടുത്സവത്തിന്റെ ഉയരം കൂട്ടുന്നത് ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്.

ആരാധനാലയങ്ങളുടെ ഏറ്റവും അടുത്ത സ്ഥലങ്ങളില്‍ നിന്ന് കെട്ടുകാഴ്ചകള്‍ കൊണ്ടുവരുന്നതിന് പരമാവധി ശ്രമിക്കുക. വാടക കെട്ടുകാഴ്ചകള്‍ ഉപയോഗിക്കുന്ന പക്ഷം അവ ആരാധനാലയങ്ങളുടെ പരിസരത്ത് കൊണ്ടുവന്ന് കെട്ടുകയും ഉത്സവശേഷം അഴിച്ച് തിരികെ കൊണ്ടുപോവുകയും ചെയ്യണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ആര്‍ച്ചുകള്‍ കെട്ടുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം. കെട്ടുത്സവങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി ലൈനുകള്‍ അഴിച്ച് മാറ്റുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്യുന്നതിന് കെഎസ്ഇബിക്ക് ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *