നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്
മലപ്പുറം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അനന്തമായി നീളുന്നതിനിടെ, മുസ്ലിം ലീഗ് വിളിച്ച അടിയന്തര നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ രാവിലെ 10ന് നടക്കുന്ന യോഗത്തില്‍ 8 ഉന്നത നേതാക്കള്‍ പങ്കെടുക്കും. ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതും ചര്‍ച്ചയാകും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
102 സീറ്റുകളുമായി വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നതില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ജനവികാരം മാനിക്കാതെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നതില്‍ ലീഗില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. യുഡിഎഫ് വിജയത്തിന് ചുക്കാന്‍ പിടിച്ച വിഡി സതീശനെയാണ് ലീഗ് പിന്തുണയ്ക്കുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിനു ശേഷം പാര്‍ട്ടി നേതൃയോഗം ചേരാനാണ് ലീഗ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പ്രക്യാപനം നീണ്ടുപോകുന്നതിനാല്‍, അതിനു കാത്തുനില്‍ക്കാതെ അടിയന്തര യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം വൈകുന്നത് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ ആഹ്ലാദ പ്രകടനത്തിനു പോലും മങ്ങലേല്‍പ്പിച്ചതായി ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് അഭിപ്രായപ്പെട്ടിരുന്നു.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































