February 1, 2026
#Top Four

സംസ്ഥാനത്ത് ഭക്ഷ്യവകുപ്പ് പ്രതിസന്ധിയില്‍; അരിവില കൂടുമെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയെന്ന് മന്ത്രി ജി ആര്‍ അനില്‍. ഈ സാഹചര്യത്തില്‍ അരിവില കൂടാന്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാന ബഡ്ജറ്റിന് പിന്നാലെ ആവശ്യമായ തുക വകയിരുത്താത്തതില്‍ ഭക്ഷ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രതിസന്ധി മന്ത്രി വ്യക്തമാക്കിയത്.

സബ്സിഡി സാധനങ്ങള്‍ നല്‍കിയതിലൂടെ 2011.52കോടി രൂപയുടെ സാമ്പത്തിക ഭാരവും വിതരണക്കാര്‍ക്ക് നല്‍കാനുള്ള 792.20 കോടി രൂപയുടെ കുടിശികയും ഉള്‍പ്പെടെ രൂക്ഷമായ പ്രതിസന്ധിയിലാണ് സപ്ലൈകോ. വിതരണക്കാര്‍ കയ്യൊഴിഞ്ഞതോടെ സപ്ലൈകോ വില്‍പ്പനശാലകളില്‍ പല സാധനങ്ങളും സ്റ്റോക്കില്ലാത്ത അവസ്ഥയാണ്.

‘ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. ഇതിന് അനുസൃതമായ പരിഗണന ബഡ്ജറ്റില്‍ വേണം. മന്ത്രിയെന്ന നിലയില്‍ ചര്‍ച്ച നടത്തും. നിലവില്‍ സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യമാണ്. കൂടുതല്‍ കാര്യങ്ങളില്‍ പരസ്യമായി പ്രതികരിക്കുന്നില്ല. ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്‌ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചര്‍ച്ച നടത്തും. സംസ്ഥാനത്ത് അരിവില കൂടാനുള്ള സാഹചര്യമാണുള്ളത്. ഒഎംഎസ് സ്‌കീമില്‍ ഇത്തവണ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇല്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുക. തീരുമാനം മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും.’- ജി ആര്‍ അനില്‍ പറഞ്ഞു.

Also Read; ബ്രിട്ടണിലെ ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതിലെ പ്രതിഷേധം അറിയിക്കാനായി ബഡ്ജറ്റ് പ്രസംഗത്തിന് ശേഷം ധനമന്ത്രിക്ക് ഹസ്തദാനം നല്‍കാതെ ജി ആര്‍ അനില്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. അദ്ദേഹവും മന്ത്രി കെ രാജനും മുഖ്യമന്ത്രിയോട് പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്.

Leave a comment

Your email address will not be published. Required fields are marked *