കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ബ്രസീല്‍ പുറത്ത് ; ഷൂട്ടൗട്ടില്‍ 4-2 ന് തകര്‍ത്ത് ഉറുഗ്വായ് സെമിയില്‍
ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ ബ്രസീല്‍ പുറത്ത്. ഉറുഗ്വായ്്‌ക്കെതിരെ 4-2 ന് തോല്‍വി വണങ്ങിയാണ് ബ്രസീല്‍ പുറത്തായത്. മത്സരം ആരംഭിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 എന്ന വിജയത്തോടെ ഉറുഗ്വായ് സെമിയില്‍ സ്ഥാനം ഉറപ്പിച്ചു.
തുടക്കം മുതല്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയിരുന്നെങ്കിലും ഗോളുകളൊന്നും വണങ്ങിയില്ല. പക്ഷേ ഇരുടീമുകളും തമ്മിലുള്ള വാക്കേറ്റങ്ങളും കൈയ്യാങ്കളികളും ആവോളം കണ്ട മത്സരമായിരുന്നു നടന്നത്. ഇരുടീമുകളും നിരവധി ഫൗളുകളും വഴങ്ങി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
രണ്ടാം പകുതിയില്‍ ബ്രസീല്‍ കൂടുതല്‍ അക്രമണത്തിലേക്ക് കടന്നു. എങ്കിലും ഉറുഗ്വായ് പ്രതിരോധം കടുപ്പിച്ചു. ഇതിനിടെ 74-ാം മിനിറ്റില്‍ നഹിത്താന്‍ നാന്‍ഡസ് റെഡ്കാര്‍ഡ് കണ്ട് പുറത്തുപോയതിനാല്‍ പത്ത് പേരുമായാണ് ഉറുഗ്വായ് മത്സരം പൂര്‍ത്തിയാക്കിയത്. ബ്രസീലിന്റെ റോഡ്രിഗോയെ അപകടകരമാം വിധം ഫൗള്‍ ചെയ്തതിനായിരുന്നു വാറിന്റെ വിലയിരുത്തലിനൊടുവില്‍ റഫറി റെഡ് കാര്‍ഡ് നല്‍കിയത്. ഇതോടെ മത്സരം ചൂടുപിടിച്ചു. അവസാന 10 മിനിറ്റോളം ബ്രസീലിന്റെ ആക്രമണം 10 പേരായി ചുരുങ്ങിയ യുറുഗ്വായ് പ്രതിരോധിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ഷൂട്ടൗട്ടില്‍ ഉറുഗ്വായ്ക്ക് വേണ്ടി ആദ്യ കിക്കെടുത്ത ഫെഡെ വാല്‍വെര്‍ദെ ഗോളാക്കി. ബ്രസീലിന്റെ ആദ്യ കിക്കെടുത്ത എഡര്‍ മിലിറ്റാവോയുടെ കിക്ക് ഗോള്‍കീപ്പര്‍ സെര്‍ജിയോ റോഷെ തടുത്തിട്ടതോടെ ഉറുഗ്വായ്ക്ക് മാനസിക മുന്‍തൂക്കം നല്‍കി. ഉറുഗ്വായ്ക്കായി റോഡ്രിഗോ ബെന്‍ടാന്‍കുറും ബ്രസീലിന് വേണ്ടി ആന്ദ്രേ പെരേരയും ഗോള്‍നേടി. യുറുഗ്വായ്യുടെ ജോര്‍ജിയന്‍ ഡി അരാസ്‌കസ് ലക്ഷ്യം കണ്ടപ്പോള്‍ ബ്രസീലിന്റെ ഡഗ്ലസ് ലൂയിസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു.
ഉറുഗ്വായ് താരം ഹോസ് മരിയ ജിമനസിന്റെ ഷോട്ട് തടുത്ത് ബ്രസീല്‍ ഗോളി അലിസണ്‍ ബക്കര്‍ ബ്രസീലിനെ പ്രതീക്ഷകളിലേക്ക് തിരികെ കൊണ്ടുവന്നു. അതേസമയം ബ്രസീലിന്റെ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ലക്ഷ്യം കാണുകയും ചെയ്തു. എന്നാല്‍ മാനുവല്‍ ഉഗാര്‍ട്ടെ എടുത്ത അവസാന കിക്ക് വലയിലെത്തിയതോടെ ഉറുഗ്വായ് സെമി ഉറപ്പിച്ചു.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































