#International #Sports

ഗുസ്തിയോട് വിട പറഞ്ഞ് വിനേഷ് ഫോഗട്ട് ; വിരമിക്കല്‍ പ്രഖ്യാപിച്ചു

പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാരിസ് ഒളിമ്പിക്‌സില്‍ നിന്നും അയോഗ്യയാക്കിയതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും നിങ്ങളുടെ സ്വപ്‌നവും എന്റെ ധൈര്യവും എല്ലാം തകര്‍ന്നെന്നും ഇതില്‍ കൂടുതല്‍ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് എക്‌സില്‍ താരം കുറിപ്പ് പങ്കുവെച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

‘എനിക്കെതിരായ മത്സരത്തില്‍ അമ്മയായ ഗുസ്തി വിജയിച്ചു. ഞാന്‍ പരാജയപ്പെട്ടു. ഞാന്‍ തോറ്റു, ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു, ഇതില്‍ കൂടുതല്‍ ശക്തി എനിക്കില്ല. വിട ഗുസ്തി 2001-2024 . നിങ്ങളോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ എന്നായിരുന്നു എക്‌സില്‍ വിനേഷ് കുറിച്ചത്.

ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ വിനേഷ് ഫോഗട്ട് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചിരുന്നു. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായാണ് താരം കായിക കോടതിയെ സമീപിച്ചിരിക്കുന്നത്.എന്നാല്‍ ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് വരാനിരിക്കെയാണ് അതിന് കാത്ത് നില്‍ക്കാതെ വിനേഷ് ഫോഗട്ട് വിരമിച്ചിരിക്കുന്നത്.

പാരിസ് ഒളിംപിക്‌സില്‍ 50 കിലോഗ്രാം വിഭാഗത്തിലെ ഫൈനല്‍ നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയായി പ്രഖ്യാപിച്ചത്. മത്സരത്തിന് മുന്നോടിയായി നടന്ന ശരീരഭാര പരിശോധനയില്‍ 100 ഗ്രാം അധികം ഭാരം താരത്തിന് ഉള്ളതായി കണ്ടെത്തിയതിന് പിന്നാലെയാണ് താരത്തെ അയോഗ്യയാക്കിയത്.

ഇതിനിടെ വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്ഐ) അറിയിച്ചിരുന്നു. ഇത് വിനേഷിന്റെ പിഴവല്ലെന്നും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്നുമായിരുന്നു ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സഞ്ജയ് സിങ് വ്യക്തമാക്കിയത്.

 

 

Leave a comment

Your email address will not be published. Required fields are marked *