ഭാസിയും പ്രയാഗയും എന്തിനെത്തി ? പോലീസിന് വ്യക്തതയില്ല, 17 പേരുടെ മൊഴി നിര്‍ണായകം
കൊച്ചി: ലഹരി കേസ് പ്രതിയും ഗുണ്ടാനേതാവുമായ ഓം പ്രകാശുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേര് വന്ന സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനേയും വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്. ഇരുവരോടും പന്ത്രണ്ട് മണിയോടെ മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം ഗുണ്ടാ നേതാവും ലഹരിക്കേസ് പ്രതിയുമായ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ ഇരുവരും എന്തിന് എത്തി എന്ന കാര്യത്തില്‍ പോലീസിന് ഇതുവരെയും വ്യക്തതയില്ല. അതോടൊപ്പം ഇരുവരും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന കാര്യത്തിലും കൃത്യമായ വിവരമില്ല. ഇക്കാര്യങ്ങളാകും പോലീസ് ഇരുവരോടും ആരായുക. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിയോട് പത്തും പ്രയാഗ മാര്‍ട്ടിനോട് പതിനൊന്നും മണിക്ക് ഹാജരാകാനായിരുന്നു ആദ്യം പോലീസ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പോലീസ് തന്നെ സമയം മാറ്റുകയായിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ നിന്ന് ലഭിച്ച സാമ്പിളിന്റെ റിസള്‍ട്ട് പരിശോധിച്ച ശേഷം നടപടികളുമായി മുന്നോട്ട് പോകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഓം പ്രകാശിന്റെ മുറിയില്‍ ഇരുപതോളം പേര് എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതില്‍ പതിനേഴോളം പേരുടെ മൊഴിയെടുത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..