#news #Top Four

ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്ന നിലപാടുമായി ആരോഗ്യ വകുപ്പ്. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടുവെന്നും കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആശമാര്‍ കടുംപിടുത്തം തുടരുമ്പോള്‍ ചര്‍ച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാല്‍, പരമാവധി താഴ്ന്നത് തങ്ങളാണെന്ന് ആശമാര്‍ പറയുന്നു. 3000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ല. ചര്‍ച്ചക്ക് മന്ത്രി തയ്യാറാവണമെന്നും ആശമാര്‍ ആവശ്യപ്പെട്ടു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എന്നാല്‍, വേതന പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം ആശാ പ്രവര്‍ത്തകര്‍ ഇന്നലെ തള്ളിയിരുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം ഇന്ന് അമ്പത്തിനാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ നിരാഹാര സമരം പതിനഞ്ചാം ദിവസവും തുടരുകയാണ്. ഇന്നലെ ആരോഗ്യമന്ത്രിയുമായുള്ള മൂന്നാം വട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച് സമരത്തിനില്ലെന്ന നിലപാടിലാണ് സമരസമിതി.

സമരസമിതി ഉന്നയിച്ച ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. സമരക്കാരുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാം എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഓണറേറിയവും പെന്ഷന്‍ അനൂകൂല്യവും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതിയെന്നും അതിന് കമ്മിറ്റിയുടെ ആവശ്യമില്ലെന്നുമായിരുന്നു സമരസമിതിയുടെ നിലപാട്. സമരക്കാരും ആരോഗ്യമന്ത്രിയുമായി ഇന്നും ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് ഇന്നലെ യോഗം അവസാനിച്ചത്. എന്നാലിപ്പോള്‍ ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നുള്ള നിലപാടാണ് ആരോഗ്യ വകുപ്പ് എടുത്തിട്ടുള്ളത്.

Leave a comment

Your email address will not be published. Required fields are marked *