#news #Top Four

എമ്പുരാന്‍ തിരിച്ചടിക്കുന്നു; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു, സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

കോഴിക്കോട്: പ്രമുഖ വ്യവസായിയും എമ്പുരാന്‍ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെയും കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാന്‍ഡ് കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്റ് ഹോട്ടലിലും പരിശോധന നടക്കുകയാണ്. 11.30യോടെയാണ് കൊച്ചി ഇഡി ഓഫീസില്‍ നിന്നുള്ള സംഘം കോര്‍പറേറ്റ് ഓഫീസിലെത്തിയത്. ടാക്‌സി വാഹനങ്ങളില്‍ കോഴിക്കോട് ഗോകുലം ഹോട്ടലിലെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് പോവുകയായിരുന്നു.

Also Read; വഖഫ് നിയമ ഭേദഗതി: അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം – നാഷണല്‍ ലീഗ്

ഗോകുലം ഗോപാലന്‍ കോര്‍പറേറ്റ് ഓഫീസില്‍ ഉള്ളപ്പോഴാണ് ഇഡി സംഘം എത്തിയത്. രാവിലെ 24 ന്യൂസ് ചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നടക്കുമ്പോഴായിരുന്നു ഇഡി സംഘത്തിന്റെ വരവ്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സിന്റെ കോര്‍പറേറ്റ് ഓഫീസിലാണ് ഇഡി ഇന്ന് രാവിലെ ആദ്യം പരിശോധന തുടങ്ങിയത്. ആദായ നികുതി വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണത്തിനും തെളിവുകള്‍ ശേഖരിക്കാനുമാണ് പരിശോധന നടത്തുന്നതെന്നാണ് ഇഡി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

റെയ്ഡിനുപിന്നാലെ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.കോഴിക്കോട് അരയിടത്ത് പാലത്തെ ഗോകുലം മാളിനു സമീപത്തെ കോര്‍പറേറ്റ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്തത്. ആദ്യം വടകരയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഗോകുലം ഗോപാലന്‍ കോഴിക്കോട് കോര്‍പറേറ്റ് ഓഫീസിലേക്ക് എത്തുകയായിരുന്നു. അടുത്തിടെ നടത്തിയ വലിയ നിക്ഷേപത്തെ കുറിച്ച് ഇഡി വിവരങ്ങള്‍ തേടിയെന്നാണ് സൂചന.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ, സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തില്‍ ഇഡി എത്തിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്. എമ്പുരാന്‍ സിനിമ ലൈക്ക പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ എത്തിയപ്പോള്‍ അവസാന നിമിഷമാണ് ഗോകുലം ഗോപാലന്‍ രക്ഷകനായി എത്തിയത്. പിന്നീട് എമ്പുരാന്‍ വിവാദമായതോടെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്ന് ഗോകുലം ഗോപാലന്‍ ചില അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും സിനിമയുമായി ബന്ധമില്ലെന്നാണ് ഇ ഡി നല്‍കുന്ന സൂചന.

Leave a comment

Your email address will not be published. Required fields are marked *