#Top Four

പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ കര്‍ശന മാനദണ്ഡവുമായി മുസ്ലിം ലീഗ്; മന്ത്രിമാരുടെ എസ്പിഎസ്മാരായി പാര്‍ട്ടി നേതാക്കള്‍

മലപ്പുറം: പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ മന്ത്രിമാര്‍ക്ക് കര്‍ശന മാനദണ്ഡങ്ങളുമായി മുസ്ലിം ലീഗ്. നേതൃത്വത്തിന്റെ അറിവോടെയല്ലാതെ മന്ത്രിമാര്‍ പേഴ്സണല്‍ സ്റ്റാഫ് നിയമനം നടത്തരുതെന്നാണ് നിര്‍ദ്ദേശം. പാര്‍ട്ടിയുടെ കീഴ്ഘടങ്ങളില്‍ നിന്നുള്ള അംഗീകാരപത്രം ഇല്ലാത്തവരെ പരിഗണിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. അര്‍ഹരായ പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റി മന്ത്രിമാര്‍ തന്നിഷ്ട് പ്രകാരം നിയമനം നടത്തരുതെന്നും ലീഗ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിക്ക് മന്ത്രിമാരും എംഎല്‍എമാരും ഇല്ലാത്ത ജില്ലകള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിനുള്ള മാനദണ്ഡം തയ്യാറാക്കാനായി പിഎംഎ സലാമിനെയും, പാണക്കാട് റഷീദ് അലി തങ്ങളെയും പാര്‍ട്ടി ചുമതലപ്പെടുത്തി. പേഴ്സണല്‍ സ്റ്റാഫ് അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ പഞ്ചായത്ത് മണ്ഡലം കമ്മറ്റികളുടെ അംഗീകാര പത്രം ഹാജരാക്കണമെന്നാണ് തീരുമാനം. ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് ആകാന്‍ നിരവധി അപേക്ഷകള്‍ വരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഡപ്യുട്ടേഷന്‍ തസ്തികകളില്‍ പാര്‍ട്ടി അനുകൂല സര്‍വീസ് സംഘടനകളുടെ പട്ടിക പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മുസ്ലീം ലീഗിന്റെ അഞ്ച് മന്ത്രിമാരുടെ ഓഫീസിലും പാര്‍ട്ടി നേതാക്കളെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിമാരാക്കാനും തീരുമാനമുണ്ട്. മന്ത്രിമാരുടെ താത്പര്യത്തിന്റെ കൂടി അടിസ്ഥാനത്തിലാവും സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിക്കുക. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി ലീഗ് കൊല്ലം ജില്ല ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ സലാമിനെ നിയമിക്കും. മലപ്പുറം ജില്ല സെക്രട്ടറി കെ എം ഗഫൂര്‍ കെ എം ഷാജിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയാകും. എ കെ മുസ്തഫ പി കെ കുഞ്ഞാലിക്കുട്ടിയുടെയോ അബ്ദുല്‍ ഗഫൂറിന്റെയോ ഓഫീസില്‍ എത്തും. എംഎസ്എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു, അബ്ദുറഹ്‌മാന്‍ ഹുദവി എന്നിവരുടെ പേരുകളും ചര്‍ച്ചകളിലുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *