പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി ആക്രമിച്ചു ; കേസെടുത്ത് പോലീസ്
കോഴിക്കോട്: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് കൊയിലാണ്ടിയില്‍ വീടുകയറി ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. കൊയിലാണ്ടി വെള്ളിലാട്ട് സ്വദേശികളായ അജീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Also Read; മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി
ആക്രമണത്തില്‍ വീട്ടുടമ ഉണ്ണികൃഷ്ണനും ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റിരുന്നു. വീടിന്റെ ജനലുകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തു. വീടിനടുത്ത് അടച്ചിട്ട കടമുറിയില്‍ നടക്കുന്ന പരസ്യമദ്യപാനം ഉണ്ണികൃഷ്ണന് ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം.
വീട്ടില്‍ അതിക്രമിച്ചെത്തിയാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. പ്രതിരോധിക്കാന്‍ ശ്രമിച്ച ഉണ്ണികൃഷ്ണനെ വീട്ടിലെ കസേര ഉള്‍പ്പെടെ എടുത്ത് അടിച്ചു. വീണുപോയ ഉണ്ണികൃഷ്ണനെ സംഘം നിലത്തിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന് നേരെയുള്ള ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യയ്ക്കും മക്കള്‍ക്കും മര്‍ദ്ദനമേറ്റത്.സംഭവത്തില്‍ പരിക്കേറ്റ ഉണ്ണികൃഷ്ണനും കുടുംബാംഗങ്ങളും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമി സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..