വഖഫ് നിയമ ഭേദഗതി: അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം – നാഷണല്‍ ലീഗ്
തൃശൂര്‍: വഖഫ് നിയമ ഭേദഗതി ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥകള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരാണെന്നും മുസ്ലിങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും നാഷണല്‍ ലീഗ് തൃശൂര്‍ ജില്ല കമ്മിറ്റി. ഭരണകൂടത്തിന്റെ ദുരുദ്ദേശ്യമുള്ള അജണ്ടയുടെ ഭാഗമാണ് ഈ ബില്‍. വഖഫ് സ്വത്തുക്കള്‍ അന്യായമായി കൈയേറിയവരെ ഒഴിപ്പിച്ച് സ്വത്തുക്കള്‍ തിരിച്ചെടുക്കുന്നതിനുള്ള കര്‍ശനവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ 2014 ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പത്ത് കൊല്ലമായിട്ടും ഈ ബില്‍ പാസാക്കാന്‍ ശ്രമിക്കാതെ ഇതിനു കടകവിരുദ്ധമായ പുതിയൊരു ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നും നാഷണല്‍ ലീഗ് പ്രസ്താവനയില്‍ പറഞ്ഞു.
Also Read; ആശാവര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ്
മുസ്ലിങ്ങളല്ലാത്തവരെ വഖഫ് കൈകാര്യം ചെയ്യുന്നതില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വിശ്വാസത്തിനു നേരെയുള്ള കയ്യേറ്റമാണ് ബില്ലിലൂടെ നടക്കുന്നത്. സമൂഹത്തില്‍ ധാരാളം നന്മകള്‍ രൂപപ്പെടുത്തിയ വഖഫ് സംവിധാനങ്ങളെ തകര്‍ക്കുക മാത്രമാണ് ഈ ബില്ലിന്റെ ലക്ഷ്യം. രാജ്യത്ത് മൂല്യവത്തായ നിരവധി വഖഫ് സ്വത്തുക്കളില്‍ കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ കയ്യേറ്റങ്ങള്‍ മറച്ചു വെക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായുള്ള ഈ ബില്ല് പിന്‍വലിച്ച് ആശങ്കകള്‍ അകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ പാര്‍ലമെന്റില്‍ കാണിച്ച നിരുത്തരവാദിത്വത്തെ ശക്തമായി അപലപിക്കുന്നു. വിധി നിര്‍ണ്ണായകമായ ഒരു വിഷയത്തില്‍ ഉദാസീനതയാര്‍ന്ന നിലപാട് സ്വീകരിക്കുക വഴി കോണ്‍ഗ്രസ്സ് രാജ്യത്തെ ന്യൂനപക്ഷങ്ങളോട് നീതികേട് കാണിച്ചിരിക്കുന്നു. വഖഫ് വിഷയത്തില്‍ അടിയുറച്ച പ്രഖ്യാപിത നിലപാടുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും
ഭേദഗതിക്കെതിരെ വോട്ട് രേഖപ്പെടുത്തുകയും ചെയ്ത ഇടതുപക്ഷ – സെക്യുലര്‍ – പ്രാദേശിക പാര്‍ട്ടികളുടെ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നുവെന്നും നാഷണല്‍ ലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഷബീല്‍ ഐദറൂസി തങ്ങള്‍, ജനറല്‍ സെക്രട്ടറി ഷാജി പള്ളം എന്നിവര്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































