വീണ്ടും സജീവമായി സിജെപി വെബ്സൈറ്റ്; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ക്യാമ്പയിനില്‍ ഒപ്പിട്ടത് 5ലക്ഷം പേര്
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ വെബ്സൈറ്റ് വീണ്ടും സജീവമെന്ന് സ്ഥാപകന്‍ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ പുറത്താക്കുന്നതിന് ഒപ്പുവെക്കുന്നതിനുള്ള ലിങ്കും സജീവമാണ്. ഇതുവരെ അഞ്ച് ലക്ഷം ഒപ്പാണ് ലഭിച്ചത്. പത്ത് ലക്ഷം നിവേദനമാണ് സിജെപിയുടെ ലക്ഷ്യം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
‘പാറ്റകള്‍ എല്ലാം അതിജീവിക്കും. സിജെപിയുടെ പോരാട്ടത്തിന് മാറ്റമൊന്നുമില്ല. പരീക്ഷകളെ തമാശയായി കാണുന്ന വിദ്യാഭ്യാസ മന്ത്രിയേക്കാള്‍ മികച്ചൊരാളെ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ അര്‍ഹിക്കുന്നുണ്ട്’, അഭിജീത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. അതേസമയം സിജെപിയുടെ എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ അഭിജീത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഹര്‍ജി പരിഗണിക്കും. സിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയത്തെ വൈകാരികമായി എടുക്കരുതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. ‘ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണ്’ എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.
ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കി. തുടര്‍ന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചത്. യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. ‘സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി’ എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































