സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി റിയാദ് ക്രിമിനല്‍ കോടതി
റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. ഇന്ന് രാവിലെ റിയാദ് ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ദയാധനം സ്വീകരിച്ച് മാപ്പുനല്‍കാമെന്ന് സൗദിയുവാവിന്റെ കുടുംബം കോടതിയില്‍ അറിയിച്ചതോടെ റഹീമിന്റെ മോചനം ഉടന്‍ സാധ്യമാകും. ദയാധനമായി കൊല്ലപ്പെട്ട അനസ് അല്‍ ശഹ്‌റിയുടെ കുടുംബം ആവശ്യപ്പെട്ട പതിനഞ്ചു മില്യണ്‍ റിയാല്‍ നേരത്തെ തന്നെ റിയാദ് ക്രിമിനല്‍ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു.
Also Read; പത്താംക്ലാസ് പരീക്ഷ നിര്‍ത്തണം ; നീറ്റില്‍ തമിഴ്‌നാടാണ് ശരിയെന്നും ഫസല്‍ ഗഫൂര്‍
അബ്ദുറഹീമിന്റെ മോചനത്തിന് സ്വരൂപിച്ച 15 മില്യണ്‍ റിയാല്‍ കഴിഞ്ഞ മാസം മൂന്നിനാണ് ഇന്ത്യന്‍ എംബസി റിയാദ് ഗവര്‍ണറേറ്റ് വഴി റിയാദ് ക്രിമിനല്‍ കോടതിക്ക് കൈമാറിയത്. കോടതിയിലെ വിര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ ഒപ്പ് വെച്ചത്.