December 26, 2024
#news #Top Four

നീലേശ്വരത്ത് കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചു; 154 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ 154 പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു.

80 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് ചികിത്സയിലുള്ളത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കാഞ്ഞങ്ങാട് ആശുപത്രിയില്‍ 16പേരും സഞ്ജീവനി ആശുപത്രിയില്‍ 10പേരും ഐശാല്‍ ആശുപത്രിയില്‍ 17 പേരും പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ച് പേരും കണ്ണൂര്‍ മിംസില്‍ 18പേരും കോഴിക്കോട് മിംസില്‍ രണ്ട് പേരും അരിമല ആശുപത്രിയില്‍ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരില്‍ രണ്ടു പേരും മണ്‍സൂര്‍ ആശുപത്രിയില്‍ അഞ്ചുപേരും ദീപ ആശുപത്രിയില്‍ ഒരാളും മാംഗ്ലൂര്‍ എംജെ മെഡിക്കല്‍ കോളേജില്‍ 18പേരുമാണ് ചികിത്സയിലുള്ളത്.

അര്‍ധരാത്രി 12ഓടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം സംഭവിക്കുന്നത്. കളിയാട്ട മഹോത്സവത്തിനിടെ പൊട്ടിച്ച പടക്കത്തിന്റെ തീപ്പൊരി, പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് വീണതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മാല പടക്കം പൊട്ടിച്ചപ്പോള്‍ ഇതില്‍ നിന്നുള്ള തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വലിയ രീതിയിലുള്ള പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.

നൂറുകണക്കിന് ആളുകളാണ് അപകടം നടന്നസ്ഥലത്ത് ഉണ്ടായിരുന്നത്. പൊള്ളലേറ്റതിന് പുറമെ തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റു. പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. മിനിമംവേണ്ട 100 മീറ്റര്‍ അകലം പാലിക്കാതെയാണ് പടക്കം പൊട്ടിച്ചത്. അര്‍ധരാത്രി 12 മണിയോടെ നടന്ന അപകടത്തില്‍ പോലീസ് കേസെടുത്തു. തുടര്‍ന്ന് അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു.

 

 

Leave a comment

Your email address will not be published. Required fields are marked *