#Crime #Top Four

നെന്മാറ ഇരട്ടക്കൊല ; ലോക്കപ്പിലെത്തിയ പ്രതി ആദ്യം ചോദിച്ചത് ചിക്കനും ചോറും, വിഷം കഴിച്ചുവെന്ന വാദം പൊളിഞ്ഞു

പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതി ചെന്താമര ലോക്കപ്പിലെത്തിച്ചപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് ചിക്കനും ചോറും. കൊല്ലപ്പെട്ട സുധാകരനുമായി തലേദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ എത്രത്തോളം വിശ്വാസയോഗ്യമാണ് എന്നതിന് ഉറപ്പില്ല. നിലവില്‍ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലുള്ള പ്രതിയെ ഇന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം വിഷം കഴിച്ചുവെന്ന പ്രതിയുടെ വാദം വൈദ്യപരിശോധനയില്‍ പൊളിഞ്ഞു.

അതേസമയം കസ്റ്റഡിയിലായ പ്രതി ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് നല്‍കിയിട്ടുള്ളത്. 5 പേരെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടത്. ഭാര്യയെ കൊല്ലാനായിരുന്നു ആദ്യലക്ഷ്യമെങ്കിലും ഇവര്‍ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്നാണ് ശ്രദ്ധ സുധാകരനിലേക്ക് എത്തിയത്. സുധാകരനെയും അമ്മയെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചാണ് പാലക്കാട് എലവഞ്ചേരിയില്‍ നിന്നും കൊടുവാള്‍ വാങ്ങിയത്. കൊല്ലപ്പെട്ട സുധാകരന്റെ അമ്മ ലക്ഷ്മിയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും പ്രതി പറയുന്നു.

നീളമുള്ള മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്‌നത്തിന് കാരണമെന്ന് മന്ത്രവാദി പറഞ്ഞിരുന്നുവെന്നും അതാണ് സജിതയെ കൊലപ്പെടുത്താന്‍ കാരണമെന്നും ആയിരുന്നു 2019 ല്‍ ഇയാള്‍ നല്‍കിയ മൊഴി. എന്നാല്‍ മന്ത്രവാദികളെ കണ്ടിട്ട് മാസങ്ങളായെന്നാണ് പ്രതി ഇത്തവണ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. തലേദിവസം വിഷം കഴിച്ചെന്ന് പ്രതി പറഞ്ഞിരുന്നു. എന്നാല്‍ വൈദ്യപരിശോധനയില്‍ പ്രതി വിഷം കഴിച്ചിട്ടില്ലെന്ന് വ്യക്തമായി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ലോക്കപ്പിലേക്ക് വന്ന് കയറിയ ഉടനെ പ്രതി പോലീസുകാരോട് ചോദിച്ചത് ചോറുണ്ടോ, ചിക്കനുണ്ടോ എന്നായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത മെസ്സില്‍ നിന്ന് പോലീസ് ഇഡ്ഢലിയും ഓംലറ്റും വാങ്ങി നല്‍കി. രണ്ട് പേരെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതി വളരെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന കാഴ്ചയാണ് പിന്നീട് അവിടെ നിന്നുള്ള ദൃശ്യങ്ങളില്‍ കണ്ടത്. പോലീസുകാരുടെ ചോദ്യങ്ങള്‍ക്ക് വളരെ വിശദമായി തന്നെ പ്രതി മറുപടി പറയുന്നുണ്ടായിരുന്നു. ചെന്താമരയെ പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.

 

 

Leave a comment

Your email address will not be published. Required fields are marked *