അജിത്കുമാറിനെ മാറ്റിയേക്കില്ല, തൃശൂര്‍പൂരം വിവാദത്തില്‍ ത്രിതല അന്വേഷണം
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റാതെ സര്‍ക്കാര്‍. തല്ക്കാലം എഡിജിപിയെ മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തതായാണ് വിവരം.
അതേസമയം തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൂന്നു തലത്തിലുള്ള തുടരന്വേഷണം നടത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൂരം കലക്കലില്‍ എഡിജിപിയുടെ വീഴ്ച സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. പൂരം കലക്കല്‍ അട്ടിമറി ഗൂഡാലോചന ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. ഇതിന് പുറമെ രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. ഇത്തരത്തില്‍ മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക.
നേരത്തെ എഡിജിപിക്കെതിരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി ഇതുവരെ നല്‍കിയിട്ടില്ല. പൂരം അലങ്കോലപ്പെടുത്തലില്‍ തൃശൂര്‍ ജില്ലാ ഭരണകൂടം, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയിലായിരിക്കും രഹസ്യാന്വേഷണ വിഭാഗം എഡിജിപി അന്വേഷണം നടത്തുക. പൂരം കലക്കുന്നതിന് വനംവകുപ്പ് ഗൂഢാലോചന നടത്തിയെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































