അധ്യാപകന്റെ കയ്യില്‍ നിന്നും ഉത്തരക്കടലാസ് നഷ്ടമായി, കോഴ്സ് കഴിഞ്ഞ എംബിഎ വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷ എഴുതണം
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച. അധ്യാപകന്റെ കയ്യില്‍ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും പരീക്ഷയെഴുതാന്‍ 71 വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്കി. എംബിഎ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഈ ദുരവസ്ഥ വന്നിരിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷയാണ് ഇവര്‍ വീണ്ടും എഴുതേണ്ടത്. ഏപ്രില്‍ 7-ന് വീണ്ടും പരീക്ഷ എഴുതണമെന്ന ഇ-മെയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയത്.
ബൈക്കില്‍ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്റെ വിശദീകരണം. പാലക്കാട് നിന്നുള്ള യാത്രക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്ന് മൂല്യനിര്‍ണയം നടത്തിയ അധ്യാപകന് സര്‍വകലാശാല അധികൃതരെ അറിയിച്ചു. അധ്യാപകനെതിരെ നടപടിയെടുക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.
അധ്യാപകന്റെ വീഴ്ച ആദ്യ മൂടിവെക്കാനാണ് സര്‍വകലാശാല ആദ്യം ശമിച്ചത്. ഉത്തരക്കടലാസ് കാണാതായതിന്റെ കാരണം ആദ്യം പറയാതെ പുനപരീക്ഷ പ്രഖ്യാപിച്ച് പ്രശ്നം ഒതുക്കാനായിരുന്നു സര്‍വകലാശാലയുടെ ശ്രമം. എന്നാല്‍, സംഭവം വാര്‍ത്തയായതോടെയാണ് സര്‍വകലാശാല നടപടിയുമായി മുന്നോട്ട് പോകുന്നത്. പാലക്കാട് സ്വദേശിയായ അധ്യാപകന് മൂല്യനിര്‍ണയം നടത്തിയ 71 ഉത്തരക്കടലാസുകളാണ് കാണാതായത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാല്‍ കോഴ്സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. ഈ വിദ്യാര്‍ത്ഥികള്‍ പുനപരീക്ഷ എഴുതണമെന്നാണ് സര്‍വകലാശാലയുടെ നിര്‍ദേശം. വീണ്ടും പരീക്ഷയെഴുതുക എന്നതല്ലാതെ വേറെ വഴിയില്ലെന്നാണ് പരീക്ഷാ കണ്ട്രോളര് പറയുന്നത്. പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഉത്തരക്കടലാസ് നഷ്ടമായതോടെ ഫലപ്രഖ്യാപനവും നടത്തിയിട്ടില്ല. കേരള സര്‍വകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാന്‍സ് സ്ട്രീം എംബിഎ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന്റെ ഉത്തരക്കടലാസുകളാണ് ഈ വിധത്തില്‍ നഷ്ടപ്പെട്ടത്.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































