ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവ് മൂലം യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടെന്ന പരാതി: ആരോഗ്യവകുപ്പ് അന്വേഷണം നടത്തും

കല്‍പ്പറ്റ: ശസ്ത്രക്രിയയിലെ അശ്രദ്ധമൂലം യുവാവിന്റെ വൃഷണം നഷ്ടമായെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് അന്വേഷണം. വയനാട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് ആരോപിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരന്‍ വയനാട് തോണിച്ചാല്‍ സ്വദേശി ഗിരീഷാണ് പരാതി നല്‍കിയത്. വയനാട് ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരാതി അന്വേഷിക്കുക. കൃത്യമായ ചികിത്സ നല്‍കിയിരുന്നതായും വീഴ്ച ഉണ്ടായിട്ടില്ലെന്നുമാണ് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ വിശദീകരണം.
Also Read; 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്
ഹെര്‍ണിയ ശസ്ത്രക്രിയ പിഴവ് വൃഷണത്തെ ബാധിച്ചെന്നും, വൃഷണം നീക്കം ചെയ്യേണ്ടി വന്നെന്നുമാണ് പരാതി. ശസ്ത്രക്രിയ പിഴവ് മറച്ചുവെക്കാന്‍ ആശുപത്രിയിലെ ചികിത്സയുടെ ഭാഗമായ കേസ് റെക്കോര്‍ഡില്‍ കൃത്രിമം കാണിച്ചു എന്നുമാണ് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ കൂടിയായ ഗിരീഷിന്റെ പരാതി. വയനാട് മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജനെതിരെയാണ് ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായയാള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്.
യുവാവിനെ സെപ്റ്റംബര്‍ 13നാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയയില്‍ വീഴ്ച പറ്റിയിട്ടും മൂന്നാം ദിവസം വാര്‍ഡിലെത്തിയ ഡോക്ടര്‍ ഇത് മറച്ചുവെക്കുകയും തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തതായും യുവാവ് ആരോപിക്കുന്നു. മാനന്തവാടി മെഡിക്കല്‍ കോളജിലെ കണ്‍സല്‍ട്ടന്റ് ജനറല്‍ സര്‍ജന്‍ ആണ് ശസ്ത്രക്രിയ നടത്തിയത്. മുറിവിലെ തുന്നല്‍ എടുക്കാന്‍ എത്തിയപ്പോള്‍ ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയാണ് സ്‌കാനിങ് നിര്‍ദേശിച്ചത്. റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ജറി വിഭാഗത്തിലെ മറ്റൊരു ജൂനിയര്‍ ഡോക്ടറാണ് വൃഷണത്തിന് ഗുരുതര പരിക്കുപറ്റിയ വിവരം യുവാവിനെ അറിയിച്ചത്. തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ വൃഷണത്തിന്റെ പ്രവര്‍ത്തനം നിലച്ചത് കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നുവെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക