ഭരണഘടനാ വിരുദ്ധ പരാമര്‍ശം; മന്ത്രി സജി ചെറിയാന് രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎം
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് രാജിവെക്കേണ്ടെന്ന് സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പോലീസ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി വിഷയത്തില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രിയുടെ പരാമര്‍ശം ഭരണഘടനയെ മാനിക്കുന്നതല്ലായെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും.
Also Read ; ‘ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗം’ ; വയനാട്ടിലെ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി
അതേസമയം തന്റെ പ്രസ്താവനയില്‍ ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം തള്ളിയായിരുന്നു കോടതി നടപടി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.
2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു പ്രസംഗത്തിന്റെ വിവാദ ഭാഗം.
എന്നാല്‍ ഭരണഘടനാ പരാമര്‍ശത്തിലെ പ്രതികൂല വിധിയില്‍ പ്രതികരിച്ച മന്ത്രി കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നുമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. തനിക്ക് നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ഉണ്ടെന്നും ഇത് അന്തിമ വിധി അല്ലല്ലോയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോടതി വിധിയില്‍ താന്‍ രാജി വെക്കില്ലെന്നും സജി ചെറിയാന്വ്യക്തമാക്കിയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































