കേരളത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദത്തില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട് വയനാട്ടില്‍ ചെലവിട്ട കണക്കുമായി സര്‍ക്കാര്‍ എന്നായിരുന്നു. പെട്ടെന്ന് കേള്‍ക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് മാധ്യമങ്ങള്‍ കണക്കുകള്‍ അവതരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇതു പോലുള്ള വാര്‍ത്തകള്‍ ലോകം മുഴുവന്‍ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിന് പോലും കഴിഞ്ഞൊള്ളുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read; സിഖ് വികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി നേതാവിന്റെ പരാതി ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
അനര്‍ഹമായ സഹായം നേടിയെടുക്കാന്‍ കേരളം ശ്രമിക്കുന്നു എന്ന വ്യാജ കഥ ജനം വിശ്വസിച്ചതാണ് ഇതിന്റെ അന്തിമ ഫലം. കേരളത്തിലെ ജനങ്ങളും സര്‍ക്കാറും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. മാധ്യമ നുണകള്‍ക്ക് പിന്നിലെ അജണ്ടയാണ് ചര്‍ച്ചയാകേണ്ടത്. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം ലോകം പ്രകീര്‍ത്തിച്ചതാണ്. വയനാട്ടിലെ ദുരിതാശ്വാസം നല്ല നിലയില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാധാരണക്കാതെ പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം വാര്‍ത്തകളുടെ ദുഷ്ട ലക്ഷ്യം. ഇത് നശീകരണ മാധ്യമ പ്രവര്‍ത്തനമാണ്. ഇത് സമൂഹത്തിന് ആപത്താണ്. മാധ്യമങ്ങള്‍ വിവാദ നിര്‍മ്മാണ ശാലകളാകുന്നതാണ് കണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കച്ചവട രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് മാധ്യമ പ്രവര്‍ത്തനം അധഃപതിച്ചു. ഏത് വിധത്തിലും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത കൊടുക്കുന്നതിനിടെ ദുരന്ത ബാധിതരായ ജനങ്ങളെ പോലും മറന്നു. ആര്‍ക്കെതിരെയാണോ വാര്‍ത്ത അതിന് മുന്‍പ് അവരോട് വിശദീകരണം ചോദിക്കണമെന്നത് അടിസ്ഥാന ധര്‍മ്മമാണ്. അത് പോലും മാധ്യമങ്ങള്‍ വിസ്മരിച്ചു. മെമ്മോറാണ്ടത്തിലെ കാര്യങ്ങള്‍ മനസിലാക്കിയില്ലെങ്കില്‍ അറിവുള്ളവരോട് ചോദിച്ച് മനസിലാക്കാനുള്ള സത്യസന്ധത കാണിക്കണമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിനെ ജനങ്ങള്‍ക്കെതിരാക്കുക എന്ന ലളിത യുക്തിയിലാണ് വാര്‍ത്ത വളച്ചൊടിച്ചത്. ഇതിന് മുന്‍പ് സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍ ദുരന്ത നിവാരണ സമിതി വെബ്സൈറ്റിലുണ്ട്. വരള്‍ച്ച മുതല്‍ പുറ്റിങ്ങള്‍ വെടിക്കെട്ട് അപകടം വരെയുള്ള കാര്യങ്ങളില്‍ പരമാവധി കേന്ദ്ര സഹായത്തിനാണ് ശ്രമിച്ചത്. മലയാളികള്‍ കൂട്ടായ്മ കൊണ്ട് ദുരന്തത്തെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോ അതിന് തുരങ്കം വെക്കുന്ന പണിയാണ് മാധ്യമങ്ങള്‍ കാണിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. മാനദണ്ഡങ്ങള്‍ വച്ച് വിദഗ്ധര്‍ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി എഴുതി വെച്ചത്. എസ്ഡിആര്എഫിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് 219 കോടി മാത്രമാണ് കേരളത്തിന് ചോദിക്കാനായത്. പുനര്‍ നിര്‍മ്മാണത്തിന് 2000 കോടിയെങ്കിലും വേണമെന്നിരിക്കെയാണ് ഈ വിവാദം വരുന്നത്. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഒരു രൂപ പോലും ദുരിതാശ്വാസ നിധിയില്‍ നിന്ന് ചെലവഴിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മെമ്മോറാണ്ടത്തിലെ ആക്ച്വല്‍സ് കണ്ട് ചെലവാക്കിയ പണമെന്ന് ദുര്‍വ്യാഖ്യാനം ചെയ്തു. മെമ്മോറാണ്ടം തയ്യാറാക്കുന്ന സമയത്ത് സര്‍ക്കാരിന്റെ മുന്നില്‍ ചെലവുകളുടെ ബിലുകളൊന്നും ലഭ്യമായിട്ടില്ല. മനക്കണക്ക് വച്ചല്ല മെമ്മോറാണ്ടം തയ്യാറാക്കിയത്. ശാസ്ത്രീയമായി മാനദണ്ഡ പ്രകാരമാണ്. പ്രതീക്ഷിക്കുന്ന ചെലവാണ് പറഞ്ഞത്. അതിന് നിയതമായ മാനദണ്ഡങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയനാട്ടില്‍ ഇനിയും 128 പേരെ കണ്ടെത്താനുണ്ട്. അത് കൂടി മുന്നില്‍ കണ്ടാണ് കണക്ക് തയ്യാറാക്കിയത്. കിട്ടിയ സഹായം വെച്ച് കണക്ക് തയ്യാറാക്കാന്‍ പറ്റില്ല. കേന്ദ്രസേനകള്‍ വരുന്നതിന് ഒരു ചെലവും ഇല്ലെന്നാണോ കരുതുന്നത്. യാത്രാ ചെലവും താമസസൗകര്യവും ഭക്ഷണവും അവര്‍ക്ക് നല്‍കേണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ മാത്രമല്ല, ഹിതകരമല്ലാത്ത രാഷ്ട്രീയത്തിനും വ്യക്തികള്‍ക്കെതിരെയും മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്കുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കെവിന് കേസില്‍ തെരഞ്ഞെടുപ്പ് ദിവസം ഡിവൈഎഫ്ഐക്കെതിരെ വ്യാജ വാര്‍ത്ത നല്കി. ഓമനക്കുട്ടനെതിരെ പ്രളയകാലത്ത് വാര്‍ത്ത നല്കി. ഓമനക്കുട്ടനെ ദുരിതാശ്വാസ ക്യാമ്പിലെ വട്ടിപ്പിരിവുകാരനാക്കി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എന്താണ് സംഭവിച്ചത്. എകെജി സെന്റര്‍ ആക്രമണ കേസില്‍ അവസാനം ആരാണ് അറസ്റ്റിലായത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ മാനം മാറുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേരളത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കുകയാണെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി. വ്യക്തികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ആക്രമിക്കുന്നതില്‍ പുതുമയില്ല. ഇവിടെ ഒരു നാടിനെ തന്നെയാണ് മാധ്യമങ്ങള്‍ ആക്രമിക്കുന്നത്. ദുരിതാശ്വാസ നിധിയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. എത്ര പാവപ്പെട്ട മനുഷ്യരെയാണ് ഇത്തരം വാര്‍ത്തകള്‍ ബാധിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2135 കോടി ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തു. മാധ്യമങ്ങള്‍ മാത്രമല്ല വ്യാജ പ്രചാരണത്തിലെ പങ്കാളികള്‍. സാലറി ചലഞ്ചിനെ പോലും തോല്‍പ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചു. കേന്ദ്രം വയനാടിനായി ഇതുവരെ സഹായം ഒന്നും നല്‍കിയിട്ടില്ല. ദുരിതാശ്വാസ നിധിയിലെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ് ബിജെപി സംസ്ഥാന നേതാക്കള്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































