മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ അന്വേഷണമില്ല ; അതിജീവിതയുടെ ഉപഹര്‍ജി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡിലെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഉപഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടികാണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്. അതേസമയം അതിജീവിതയ്ക്ക് പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന് അനുസരിച്ച് കേസെടുത്തിട്ടില്ലെന്നും കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഉപഹര്‍ജിയില്‍ അതിജീവിതയുടെ ആവശ്യം.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിലായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അന്വേഷണം. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണയാണ് നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ടത്. പിന്നാലെ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതിജീവിതയുടെ ഹര്‍ജിയെ അനുകൂലിച്ചാണ് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തത്. കേസെടുക്കണമെന്ന അതിജീവിതുടെ ഹര്‍ജിയില്‍ എട്ടാം പ്രതി ദിലീപിന്റെ താല്‍പര്യമെന്താണെന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതിയുടെ ചോദ്യം. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളാണ് അതിജീവിതയ്ക്ക് വേണ്ടി ഹാജരായത്.