ശബരിമല തീര്‍ഥാടനം: ഏഴ് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു, 11 എണ്ണം കൂടി ഉടന്‍
ചെങ്ങന്നൂര്‍: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് റെയില്‍വേ ആദ്യഘട്ടത്തില്‍ ചെങ്ങന്നൂര്‍വഴി ഏഴു പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും. ചങ്ങനാശ്ശേരിയിലും സ്റ്റോപ്പുണ്ടാകും. രണ്ടാംഘട്ടത്തില്‍ 11 സ്പെഷ്യല്‍ തീവണ്ടികളോടിക്കാനുള്ള നിര്‍ദേശം ദക്ഷിണറെയില്‍വേ കൊമേഴ്ഷ്യല്‍ വിഭാഗത്തിനു ലഭിച്ചു.
തിരുവനന്തപുരം നോര്‍ത്ത് – എസ് എം വി ടി ബെംഗളുരു (06083/83), മൗലാ അലി (ഹൈദരാബാദ്) – കൊല്ലം (07141/42), ഹുസൂര്‍ സാഹിബ് നന്ദേഡ്-കൊല്ലം (07139/40), എം ജി ആര് ചെന്നൈ- കൊല്ലം എ സി ഗരീബ് എക്സ്പ്രസ് (06119/20), എം ജി ആര് ചെന്നൈ-കൊല്ലം (06117/18), എം ജി ആര് ചെന്നൈ – കൊല്ലം (06113/14), എം ജി ആര് ചെന്നൈ-കൊല്ലം (06111/12) എന്നീ തീവണ്ടികളാണ് അനുവദിച്ചത്. തീര്‍ഥാടകരുടെയും യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച്, തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പനുവദിച്ചു. മണ്ഡലകാലം പരിഗണിച്ച് ഈ മാസം 16 മുതല്‍ അടുത്തമാസം 20 വരെയാണ് താത്കാലികമായി സ്റ്റോപ്പനുവദിച്ചിരിക്കുന്നത്.