#kerala #Top Four

നവീന്‍ ബാബുവിന്റെ മരണം ; പ്രശാന്തിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പുടമ ടി വി പ്രശാന്ത് നല്‍കിയെന്ന് പറഞ്ഞ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇതോടെ നവീന്‍ ബാബുവിന്റെ മരണത്തിലെ നിര്‍ണായക വിവരമാണ് പുറത്തായിരിക്കുന്നത്. ഒക്ടോബര്‍ പത്തിനോ അതിനടുത്ത ദിവസങ്ങളിലോ ടി വി പ്രശാന്തന്‍ എന്ന പേരില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്.

Also Read ; കാസര്‍കോട് മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു, ഒരാളുടെ മൃതദേഹം ലഭിച്ചു

പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. പണം നല്‍കിയില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തില്‍ ആക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരു ലക്ഷം രൂപ നവീന്‍ ബാബു ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ നല്‍കിയെന്നും പ്രശാന്തന്‍ പറഞ്ഞിരുന്നു. ഇക്കാര്യം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയോട് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു പ്രശാന്തന്റെ ആരോപണം.

ഇതിന് പിന്നാലെ പ്രശാന്തന്‍ പരാതി നല്‍കിയെന്നും ഇല്ലെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു. അതേസമയം പ്രശാന്തന്‍ നല്‍കിയ പരാതിയിലെ ഒപ്പും പേരും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇതില്‍ വൈരുദ്ധ്യമുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയെന്ന ആരോപണത്തില്‍ പ്രശാന്തന്‍ ഉറച്ചു നിന്നു. നവീന്‍ ബാബു മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ്, ഒക്ടോബര്‍ പത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ മൊഴിയെടുക്കാന്‍ വിജിലന്‍സ് വിളിപ്പിച്ചിരുന്നുവെന്നും പ്രശാന്തന്‍ പറഞ്ഞിരുന്നു. ഈ വാദങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയിലൂടെ പൊളിയുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *