‘ട്രംപിന് വഴങ്ങി മോദി രാജ്യത്തെ വഞ്ചിച്ചു, ഈ നാണംകെട്ട വെടിനിര്‍ത്തല്‍ അംഗീകരിക്കാനാവില്ല’: സന്ദീപ് വാര്യര്‍
പാലക്കാട്: അമേരിക്കന്‍ പ്രസിഡന്റ് കണ്ണുരുട്ടിയപ്പോഴേക്കും പാതിവഴിയില്‍ വെടിനിര്‍ത്തലിന് തയ്യാറായ നരേന്ദ്രമോദി ഈ നാടിന്റെ ആത്മാഭിമാനത്തെയാണ് മുറിവേല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നരേന്ദ്രമോദി അന്ധഭക്തജന സംഘത്തിലെ ആര്‍ക്കെങ്കിലും തെറിവിളിക്കപ്പുറം കൃത്യമായ മറുപടി ഉണ്ടെങ്കില്‍ പറയാം എന്ന് പറഞ്ഞ് ഒരു 7 ചോദ്യങ്ങളും സന്ദീപ് വാര്യരുടെ പോസ്റ്റില്‍ ഉണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാന്‍ ഭീകരവാദത്തിനെതിരായി താങ്കളുടെ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയതാണ്. 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി താങ്കളുടെ പിന്നില്‍ അണിനിരന്നതാണ്. രാജ്യ താല്പര്യമുയര്‍ത്തിപ്പിടിച്ച് മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ല എന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് കാത്തുസൂക്ഷിച്ച് പാക്കിസ്ഥാന്‍ ഭീകരവാദത്തിന് ഒരു അവസാനമുണ്ടാക്കാന്‍ ഈ രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിച്ചു. അതിനായി എന്തു ത്യാഗവും സഹിക്കാന്‍ അവര്‍ തയ്യാറായിരുന്നു. ഈ രാജ്യത്ത് യുവാക്കള്‍ സ്വമേധയാ രാജ്യത്തിനുവേണ്ടി സ്വജീവന്‍ ത്യജിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. അതിര്‍ത്തിയിലേക്ക് പോകുന്ന പട്ടാളക്കാര്‍ക്ക് ഈ രാജ്യത്തെ അമ്മമാര്‍ ആരതിയുഴിഞ്ഞു. പഹല്‍ ഗാമില്‍ കൊല്ലപ്പെട്ട നിര്‍ദോഷികളായ നമ്മുടെ പൗരന്മാരുടെ ചോരയ്ക്ക് പ്രതികാരം ചെയ്യാന്‍ ഓരോ പൗരന്റെയും നെഞ്ചകം തുടിച്ചു. അതിര്‍ത്തിക്കപ്പുറത്തുനിന്നും വീണ ഷെല്ലുകളില്‍ നിരവധി ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടു. കാശ്മീരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പാക്കിസ്ഥാന്‍ ആക്രമണത്തില്‍ രക്തസാക്ഷികളായി.
മറുവശത്ത് നമ്മുടെ സൈന്യം പാക്കിസ്ഥാന്‍ അതിക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി മുന്നേറുകയായിരുന്നു. ചുണക്കുട്ടികളായ നമ്മുടെ ജവാന്മാര്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.
പക്ഷേ ദൗര്‍ഭാഗ്യവശാല്‍ താങ്കളില്‍ വിശ്വാസമര്‍പ്പിച്ച ഈ രാജ്യത്തെയും രാജ്യത്തെ പൗരന്മാരെയും പ്രധാനമന്ത്രി താങ്കള്‍ വഞ്ചിച്ചിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന അത്യപൂര്‍വ്വമായ സാഹചര്യം ഉണ്ടായിരിക്കുന്നു. നമ്മുടെ സൈന്യം ആര്‍ജിച്ചെടുത്ത എല്ലാ മുന്നേറ്റങ്ങളും ഒറ്റ നിമിഷം കൊണ്ട് അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി , പ്രധാനമന്ത്രി മോദി താങ്കള്‍ അട്ടിമറിച്ചിരിക്കുന്നു.
ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സ്വാഭിമാനം, നമ്മുടെ പൗരന്മാരുടെ നഷ്ടപ്പെട്ട ജീവനും സ്വത്തിനും ഉത്തരവാദികളായ ശത്രുവിനെ പാഠം പഠിപ്പിക്കല്‍… ഇത് അത്യാവശ്യമായിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് കണ്ണുരുട്ടിയപ്പോഴേക്കും പാതിവഴിയില്‍ വെടി നിര്‍ത്തലിന് താങ്കള്‍ തയ്യാറായപ്പോള്‍ ഈ നാടിന്റെ ആത്മാഭിമാനത്തെയാണ് നരേന്ദ്രമോദി താങ്കള്‍ മുറിവേല്‍പ്പിച്ചത്. ഇതിനായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ പടപ്പുറപ്പാടും കണ്ണുരുട്ടലും വാചകമടിയുമൊക്കെ? ഈ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും ഈ നാണംകെട്ട വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ സാധിക്കില്ല.
=====================================
എന്നെ നിരന്തരമായി വിമര്‍ശിച്ചിരുന്ന പഴയ മിത്രങ്ങള്‍ പലരും അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി നടത്തിയ നാണംകെട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ എതിര്‍ക്കുന്നതായി കണ്ടു. അത്രയും സന്തോഷം. ചില ചോദ്യങ്ങള്‍ ജനങ്ങളുടെ മനസ്സിലുണ്ട്. നരേന്ദ്രമോദി അന്ധഭക്തജന സംഘത്തിലെ ആര്‍ക്കെങ്കിലും തെറിവിളിക്കപ്പുറം കൃത്യമായ മറുപടി ഉണ്ടെങ്കില്‍ പറയാം.
1) ഈ വെടി നിര്‍ത്തല്‍ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമുണ്ടായി ?
2) പാക് അധീന കാശ്മീര്‍ തിരിച്ചുപിടിക്കും എന്ന അമിത് ഷായുടെയും രാജനാഥ് സിംഗിന്റെയും ഒക്കെ മുന്‍ അവകാശവാദങ്ങള്‍ എവിടെ പോയി ?
3) പഹല്‍ഗാമില്‍ സംഭവിച്ച സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനായിരുന്നോ ഇക്കണ്ട നാടകമൊക്കെ ?
4) അതിര്‍ത്തിയില്‍ പാക്ക് വെടിവെപ്പിലും ഷെല്ലിങ്ങിലും നഷ്ടപ്പെട്ട നിരവധി ജീവനുകള്‍ക്കും വീടുകള്‍ക്കും ജനങ്ങളുടെ സ്വത്ത് വഹകള്‍ക്കും ആര് സമാധാനം പറയും ? ആ നഷ്ടങ്ങള്‍ക്ക് പ്രതികാരം അര്‍ഹിക്കുന്നില്ലേ ?
5) അമേരിക്കന്‍ പ്രസിഡന്റിന്റെ ഇടപെടലിലാണ് വെടിനിര്‍ത്തല്‍ ഉണ്ടായത് എന്ന വ്യക്തമായിരിക്കുന്നു. മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ല എന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് മാറ്റുന്നതിന് മുമ്പ് നരേന്ദ്രമോദി ഈ രാജ്യത്തെ പാര്‍ലമെന്റിനോടെങ്കിലും അത് ബോധ്യപ്പെടുത്തിയോ ?
6) ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചടി കൊടുക്കാന്‍ തയ്യാറായ സമയത്ത് ഒരാളോടും ആലോചിക്കാതെ നടത്തിയ ഈ വെടിനിര്‍ത്തല്‍ ഇന്ത്യന്‍ സൈനികരുടെ ആത്മവിശ്വാസത്തെ ചോര്‍ത്തി കളയുന്ന നടപടിയായില്ലേ ?
7) ഇന്ത്യയെ വിശ്വസിച്ച് പാക്കിസ്ഥാനോട് പോരടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ബലൂച് പോരാളികളെ മോദി പുറകില്‍ നിന്ന് കുത്തിയില്ലേ ?
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഇന്ത്യ മഹാരാജ്യത്തെ പ്രധാനമന്ത്രി ജനാധിപത്യ മാര്‍ഗ്ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആളാണ്. അതല്ലാതെ രാജഭരണം പോലെ അവകാശം കിട്ടിയതല്ല എന്ന് ഭക്തജന സംഘം മനസ്സിലാക്കണം. തെറ്റായ നടപടികളെ വിമര്‍ശിക്കാന്‍ ഈ രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ട്. അസഭ്യവര്‍ഷം കൊണ്ട് നരേന്ദ്രമോദിയുടെ ഭരണ പരാജയം മറച്ചുവെക്കാന്‍ കഴിയില്ല. എം എന്‍ വിജയന്‍ മാസ്റ്റര്‍ പറഞ്ഞതുപോലെ ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ് റൂമില്‍ നിന്ന് പുറത്താക്കിയാലും കുട്ടി ഉന്നയിച്ച ചോദ്യം അവിടെ അവശേഷിക്കും.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































