സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നീതിക്കായി ഏതറ്റംവരെയും പോരാടുന്ന നേതാവായിരുന്നു വിഎസ്
ആലപ്പുഴ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നീതിക്കായി ഏതറ്റംവരെയും പോരാട്ടം നടത്തുന്ന കാര്‍ക്കശ്യക്കാരനായ നേതാവായിരുന്നു വിഎസ് അച്യുതാനന്ദന്‍. സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടങ്ങളുടെ തുടക്കം ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡില്‍ നിന്നായിരുന്നു. ഭരണകൂടം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച ബലാത്സംഗക്കേസ് വെളിച്ചത്തിലേയ്ക്ക് കൊണ്ടുവന്നത് വിഎസ് ആയിരുന്നു.
Also Read; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം: വിഎസിനെ ഒരു നോക്കുകാണാന്‍ ജനപ്രവാഹം
1970 നവംബര്‍ രണ്ടിനാണ് ആ അതിക്രൂര അതിക്രമം നടന്നത്. പോലീസുകാര്‍ പ്രതികളായ ബലാത്സംഗക്കേസ്. ഇരുചെവിയറിയാതെ ഭരണകൂടം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച കേസ് ഇരുട്ടിവെളുക്കുന്നതിന് മുന്‍പ് വിഎസ് കേരള ജനതയ്ക്ക് മുന്നിലെത്തിക്കുകയായിരുന്നു. നെഹ്റു ട്രോഫി വാര്‍ഡില്‍ നാല് കര്‍ഷകത്തൊഴിലാളികളായ യുവതികളെ എട്ട് പോലീസുകാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ടെലിഗ്രാം വഴിയാണ് വിഎസ് ഇക്കാര്യം അറിഞ്ഞത്. അപ്പോള്‍ പുലര്‍ച്ചെ ഒരുമണിയായിരുന്നു സമയം. എന്നാല്‍ നേരം വെളുക്കാന്‍ അദ്ദേഹം കാത്തുനിന്നില്ല.
തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേയ്ക്ക് ഉടന്‍ പുറപ്പെട്ടു. സംഭവസ്ഥലത്തെത്തി ഇരകളായ സ്ത്രീകളോട് നേരിട്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. നവംബര്‍ മൂന്നിന് അടിയന്തരപ്രമേയവുമായി അദ്ദേഹം സഭയിലെത്തി. ഇങ്ങനെയായിരുന്നു അദ്ദേഹം വിവരം പുറത്തറിയിച്ചത് ‘ഇന്നലെ രാത്രി ഏതാണ്ട് ഒരുമണിയോടുകൂടി കിട്ടിയ ടെലിഗ്രാം അനുസരിച്ച് ഞാന്‍ ആലപ്പുഴയില്‍ പോയി നേരിട്ടന്വേഷിച്ചപ്പോള്‍ എനിക്കുകിട്ടിയ വിവരങ്ങള്‍ പറയുകയാണ്’. വി എസ് പറഞ്ഞത് സഭ ഞെട്ടലോടെയാണ് കേട്ടത്. സര്‍ക്കാര്‍ വിഷയം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി അന്നത്തെ ആഭ്യന്തരമന്ത്രി സി എച്ച് മുഹമ്മദ് കോയ മറുപടി നല്‍കി. ഒടുവില്‍ എട്ട് പോലീസുകാരുടെയും പേരില്‍ കേസെടുക്കുകയും ചെയ്തു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































